Monday, November 25, 2024

മാരകമായ മാര്‍ബര്‍ഗ് വൈറസിന്റെ ആദ്യ കേസുകള്‍ ഘാനയില്‍ സ്ഥിരീകരിച്ചു

എബോളയ്ക്ക് കാരണമാകുന്ന വൈറസിന്റെ അതേ കുടുംബത്തിലെ തന്നെ മാരകമായ മാര്‍ബര്‍ഗ് വൈറസിന്റെ ആദ്യ രണ്ട് കേസുകള്‍ ഘാന സ്ഥിരീകരിച്ചു. രണ്ട് രോഗികളും അടുത്തിടെ തെക്കന്‍ അശാന്തി മേഖലയിലെ ആശുപത്രിയില്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അവരുടെ സാമ്പിളുകള്‍ ഈ മാസം ആദ്യം പോസിറ്റീവ് എന്ന് വിലയിരുത്തി. സെനഗലിലെ ഒരു ലബോറട്ടറിയിലും സാമ്പിളുകള്‍ പരിശോധിച്ചു.

സമ്പര്‍ക്ക കേസുകള്‍ സംശയിക്കുന്നതിനാല്‍ 98 പേര്‍ ഇപ്പോള്‍ ക്വാറന്റീനിലാണെന്ന് പശ്ചിമ ആഫ്രിക്കന്‍ രാജ്യത്തെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. ഘാനയുടെ ഉടനടിയുള്ള നടപടികളെ ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്ക ഡയറക്ടര്‍ ഡോ മത്ഷിഡിസോ മൊയ്തി പ്രശംസിച്ചു.

മാര്‍ബര്‍ഗിന് ഇതുവരെ ഒരു ചികിത്സയും നിലവിലില്ല. എന്നാല്‍ ധാരാളം വെള്ളം കുടിക്കുന്നതും നിര്‍ദ്ദിഷ്ട ലക്ഷണങ്ങള്‍ കാണുമ്പോഴേ ചികിത്സ തേടുന്നതും ഒരു രോഗിയുടെ അതിജീവന സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എല്ലാ മാംസ ഉല്‍പ്പന്നങ്ങളും കഴിക്കുന്നതിനുമുമ്പ് നന്നായി പാകം ചെയ്യാനും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പഴംതീനി വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. ശരീരദ്രവങ്ങള്‍ വഴി മനുഷ്യര്‍ക്കിടയില്‍ പടരുന്നു. തലവേദന, പനി, പേശി വേദന, ഛര്‍ദ്ദി, രക്തസ്രാവം എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുള്ള കഠിനവും മാരകവുമായ രോഗമാണിത്.

പശ്ചിമാഫ്രിക്കയില്‍ ഇത് രണ്ടാം തവണയാണ് മാര്‍ബര്‍ഗിനെ തിരിച്ചറിയുന്നത്. കഴിഞ്ഞ വര്‍ഷം ഗിനിയയില്‍ ഒരു കേസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പെട്ടെന്നു തന്നെ വ്യാപനം അവസാനിച്ചിരുന്നു.

1967-ല്‍ ജര്‍മ്മനിയിലാണ് ആദ്യമായി മാര്‍ബര്‍ഗ് പൊട്ടിപ്പുറപ്പെട്ടത്, അവിടെ ഏഴ് പേര്‍ മരിച്ചു. 2005-ല്‍ അംഗോളയില്‍ ഈ വൈറസ് 200-ലധികം ആളുകളെ കൊന്നൊടുക്കി.

 

 

Latest News