Monday, November 25, 2024

യുക്രൈന്‍ യുദ്ധം; റഷ്യന്‍ സൈന്യത്തിന്റെ 30 ശതമാനവും നഷ്ടമായെന്ന് ബ്രിട്ടന്‍

യുക്രൈന്റെ വടക്ക് – പടിഞ്ഞാറ്, ഭാഗങ്ങളില്‍ നിന്ന് പിന്മാറിയ റഷ്യന്‍ സൈന്യം കഴിഞ്ഞ നാല് മാസത്തോളം യുക്രൈനെ കിഴക്ക് നിന്നും തെക്ക് നിന്നും അക്രമിക്കുകയാണ്. ഡോണ്‍ബോസ് അടക്കുമുള്ള കിഴക്കന്‍ യുക്രൈന്‍ പ്രദേശങ്ങള്‍ കീഴടക്കിയെന്ന് റഷ്യ അവകാശപ്പെടുമ്പോഴും ഈ പ്രദേശങ്ങളില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇതിനിടെ യുദ്ധം ആറ് മാസം പൂര്‍ത്തിയാക്കുന്നതിനിടെ റഷ്യയ്ക്ക് യുക്രൈന്‍ അധിനിവേശത്തില്‍ കനത്ത നാശം നേരിട്ടെന്ന് ബ്രിട്ടന്റെ വെളിപ്പെടുത്തല്‍. റഷ്യന്‍ സൈന്യത്തിന്റെ 30 ശതമാനവും ഇതിനകം നഷ്ടമായെന്നാണ് ബ്രിട്ടന്‍ അവകാശപ്പെട്ടത്.

50,000 സൈനികര്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്ത റഷ്യയുടെ സേനയുടെ 30 ശതമാനം യുക്രൈന്‍ യുദ്ധത്തില്‍ നഷ്ടപ്പെട്ടു. പുടിന്റെ സൈന്യത്തിന്റെ ഭാഗമായിരുന്ന ഏകദേശം 1,700 ടാങ്കുകളും നശിപ്പിക്കപ്പെട്ടു, റഷ്യയുടെ 4,000 കവചിത യുദ്ധ വാഹനങ്ങളും നശിച്ചെന്നും യുകെയുടെ ചീഫ് ഓഫ് ദി ഡിഫന്‍സ് സ്റ്റാഫ് വെളിപ്പെടുത്തി.

ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങുമ്പോള്‍, ലോകത്തിലെ ആയുധശേഷിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യ, ആയുധശേഷിയില്‍ 22 -ാം സ്ഥാനത്തുള്ള യുക്രൈനെ വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടക്കുമെന്നായിരുന്നു യുദ്ധരംഗത്തെ വിദഗ്ദര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയത്.

രാജ്യം ദുരന്തത്തെ നേരിടുമ്പോള്‍ രാജ്യം വിട്ടോടിയ മറ്റ് രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യത്യസ്തമായി തോല്‍ക്കുമെന്ന് എല്ലാവരും പറഞ്ഞ യുദ്ധത്തെ മുന്നില്‍ നിന്ന് നേരിട്ട യുക്രൈന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലെന്‍സ്‌കിയുടെ വ്യക്തി പ്രഭാവത്തെ മറികടക്കാന്‍ റഷ്യന്‍ സൈന്യത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല.

കിഴക്കന്‍ യുക്രൈനിലെ മരിയുപോള്‍, ഡോണ്‍ബോസ് തുടങ്ങിയ പ്രദേശങ്ങള്‍ തങ്ങള്‍ കീഴടക്കിയെന്ന് റഷ്യ അവകാശപ്പെടുമ്പോളും ഈ പ്രദേശങ്ങളില്‍ റഷ്യന്‍ സൈന്യം യുക്രൈന്‍ സൈന്യവും സാധാരണക്കാരും ചേര്‍ന്ന ഗറില്ലാ പോരാളികളുടെ മുന്നില്‍ പലപ്പോഴും പരാജയപ്പെടുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

 

 

Latest News