തെക്കന്‍ യുക്രെയ്നിലെ ഒഡെസ നഗരത്തില്‍ റഷ്യന്‍ മിസൈലുകള്‍ പതിച്ചതിനെ തുടര്‍ന്ന് ഒരു കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റതായി യുക്രേനിയന്‍ സൈനിക ഉദ്യോഗസ്ഥന് ചൊവ്വാഴ്ച പറഞ്ഞു.
കരിങ്കടലില്‍ നിന്ന് തൊടുത്തുവിട്ട ഏഴ് ‘കലിബര്‍’ ക്രൂയിസ് മിസൈലുകളാണ് നഗരത്തെ ലക്ഷ്യമാക്കിയതെന്ന് ഒഡെസ സൈനിക ഭരണകൂടത്തിന്റെ വക്താവ് സെര്‍ഹി ബ്രാച്ചുക് ഒരു ടെലിഗ്രാം പോസ്റ്റില്‍ പറഞ്ഞു. ആക്രമണത്തില്‍ മൂന്ന് വീടുകളും മറ്റ് രണ്ട് കെട്ടിടങ്ങളും തകര്‍ന്നതായും മറ്റ് നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ സൈനിക ഉപകരണങ്ങളുടെ സ്ഥിരമായ ഒഴുക്ക് മാരിയുപോളില്‍ നിന്ന് പടിഞ്ഞാറോട്ട്, അതായത് തെക്കന്‍ യുക്രെയ്നിന്റെ മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങുന്നതായി യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. അവര്‍ മനസിലാക്കിയതനുസരിച്ച് 100 യൂണിറ്റ് സൈനിക ഉപകരണങ്ങളുടെ ഒരു വാഹനവ്യൂഹം ശനിയാഴ്ച മരിയുപോളിലൂടെ സപോരിജിയയുടെ ദിശയില്‍ കടന്നുപോയി. കെര്‍സണിലെ റഷ്യന്‍ സൈന്യത്തെ പിന്തുണയ്ക്കുന്നതിനാണ് ഇത് എന്ന് ചില സ്വതന്ത്ര വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു.
യുക്രെയ്നിന്റെ പ്രഥമ വനിത ഒലീന സെലെന്‍സ്ക തിങ്കളാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളില്‍ അവര്‍ കോണ്‍ഗ്രസ് അംഗങ്ങളെ അഭിസംബോധന ചെയ്യുകയും യുഎസ് പ്രഥമ വനിത ജില് ബൈഡനെ കാണുകയും ചെയ്യും.