ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റനില്‍ വിക്രമസിംഗെയെ തെരഞ്ഞെടുത്തു. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 225 അംഗങ്ങളില്‍ 134 പേരും ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരുമുനയുടെ (എസ്എല്‍പിപി) പിന്തുണയുള്ള വിക്രമസിംഗെയെ അനുകൂലിച്ചു.
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന രാജ്യത്തെ രാജ്യാന്തര സമൂഹത്തിന്റെ സഹായത്തോടെ കരകയറ്റുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് 73 കാരനായ റനിലിനുള്ളത്. ജനകീയപ്രക്ഷോഭത്തെത്തുടര്‍ന്നു ഗോത്താബയ രാജപക്‌സെ രാജ്യംവിട്ടതോടെ റനില്‍ പ്രസിഡന്റിന്റെ ചുമതലയും വഹിച്ചിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളിയും എസ്എല്‍പിപിയുടെ വിഘടിതവിഭാഗത്തിന്റെ നേതാവുമായ ദുള്ളാസ് അലഹപ്പെരുമ 82 വോട്ടുകള്‍ നേടി. ഇടതുകക്ഷിയായ ജനത വിമുക്തി പെരുമുന നേതാവ് അനുര കുമാര ദിസനായകെയ്ക്കുലഭിച്ചതു വെറും മൂന്നു വോട്ടുകള്‍.
കനത്ത സുരക്ഷയിലായിരുന്നു പാര്‍ലമെന്റിലെ നടപടിക്രമങ്ങള്‍. സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധനയാണ് ഫലം പ്രഖ്യാപിച്ചത്. ഗോത്താബയയുടെ പിന്തുണയോടെ പ്രധാനമന്ത്രിയായ റനിലിന്റെ രാജി തുടക്കംമുതലേ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടുവരികയാണ്.
ഫലപ്രഖ്യാപനത്തിനു പിന്നാലെ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധവും അരങ്ങേറി. കലാപകാരികള്‍ക്കെതിരേ കര്‍ക്കശനടപടിയിലേക്കു റനില്‍ നീങ്ങുമെന്നാണു സൂചന. അങ്ങനെയെങ്കില്‍ പ്രക്ഷോഭം വീണ്ടും ശക്തമായേക്കും.