റഷ്യന്‍ മിസൈലുകളെ തടയാന്‍ കൂടുതല്‍ യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ആവശ്യപ്പെട്ട് യുക്രനിയന് പ്രഥമവനിത ഒലീന സെലെന്‍സ്ക. യുഎസ് സന്ദര്‍ശനവേളയിലാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചത്. യുക്രെയിനിലെ കുട്ടികള്‍ക്കു മേല്‍ നഗരങ്ങളില്‍ റഷ്യന്‍ ബോംബാക്രമണം നടത്തിയതിന്റെ ചിത്രങ്ങള്‍ കാണിച്ചുകൊണ്ടാണ് അവള് യുഎസിലെ നിയമനിര്‍മ്മാതാക്കളോട് തന്റെ ആവശ്യം അറിയിച്ചത്.
ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും സെനറ്റ് മൈനോറിറ്റി ലീഡര്‍ മിച്ച് മക്കോണലും ഉള്‍പ്പെട്ട യുഎസ് റിപ്പബ്ലിക്കന്മാരോടും ഡെമോക്രാറ്റുകളോടും സംസാരിച്ച സെലെന്‍സ്ക, ‘ഞങ്ങള്‍ക്ക് ഇനി വ്യോമാക്രമണം വേണ്ട. ഇനി മിസൈല്‍ ആക്രമണങ്ങളും താങ്ങാന്‍ വയ്യ’ എന്ന് തുറന്നു പറഞ്ഞു. അവരുടെ ഭര്‍ത്താവും യുക്രൈന് പ്രസിഡന്റുമായ വ്ളാഡിമിര്‍ സെലന്‍സ്കിയും വീഡിയോയിലൂടെ സംസാരിച്ചു.
കൂടുതല്‍ ആയുധങ്ങള്‍ക്കായി, പ്രത്യേകിച്ച് കൂടുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്കായി നിയമനിര്‍മ്മാതാക്കളോട് സെലന്‍സ്ക അഭ്യര്‍ത്ഥിച്ചു. യുഎസില്‍ നിന്നും മറ്റ് സഖ്യകക്ഷികളില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ക്കായുള്ള വ്ളാഡിമിര്‍ സെലന്‍സ്കിയുടെ ആഹ്വാനത്തെ സെലന്‍സ്ക തന്റെ പ്രസംഗത്തിലുടനീളം പ്രതിധ്വനിപ്പിച്ചു.
യുഎസ് പ്രഥമ വനിത ജില് ബൈഡന്, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് മേധാവി സാമന്ത പവര്‍ എന്നിവരുമായും സെലന്‍സ്ക കൂടിക്കാഴ്ച നടത്തി. യുദ്ധത്തിന്റെ ആഘാതം കൈകാര്യം ചെയ്യുന്ന യുക്രേനിയക്കാരുടെ മാനസികാരോഗ്യ സംരക്ഷണവും, യുദ്ധത്തില്‍ കൈകാലുകള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള പുനരധിവാസവും യുഎസ് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
പൊതുവേ മീഡിയ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കാത്ത സെലന്സ്കയുടെ യുഎസ് സന്ദര്‍ശനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യനടനായിരുന്ന സെലന്‍സ്കിയെ പോലെ താന്‍ തമാശ പറയാത്ത ആളാണെന്നും പബ്ലിസിറ്റിയ്ക്കായി ഒന്നു ചെയ്യില്ലെന്നും സെലന്‍സ്കി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് വോഗ് മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രധാനപ്പെട്ട സാമൂഹിക പ്രശ്നങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള അവസരങ്ങള്‍ വിനിയോഗിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ആ പ്രസ്താവനയാണ് ഇപ്പോഴത്തെ യുഎസ് സന്ദര്‍ശനത്തിലൂടെ സെലന്‍സ്ക പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്.