Monday, November 25, 2024

യുദ്ധലക്ഷ്യം വിപുലീകരിക്കാന്‍ റഷ്യ തയ്യാറെടുക്കുന്നുവെന്ന് വെളിപ്പെടുത്തി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്

യുക്രെയ്‌നില്‍ റഷ്യയുടെ സൈനിക ശ്രദ്ധ ഇനി കിഴക്കന്‍ പ്രദേശം മാത്രമല്ലെന്ന് വെളിപ്പെടുത്തി, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. പാശ്ചാത്യ രാജ്യങ്ങള്‍ യുക്രെയ്‌നിന് ദീര്‍ഘദൂര ആയുധങ്ങള്‍ നല്‍കിയതിന് ശേഷം മോസ്‌കോയുടെ തന്ത്രം മാറിയെന്നും റഷ്യന്‍ സ്റ്റേറ്റ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ചു.

യുക്രെയ്നിന് കൂടുതല്‍ ദീര്‍ഘദൂര ആയുധങ്ങള്‍ നല്‍കുമെന്ന് യുഎസ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലാവ്‌റോവിന്റെ അഭിപ്രായപ്രകടനം. സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ റഷ്യയ്ക്ക് യുക്രേനിയന്‍ സേനയെ മുന്‍നിരയില്‍ നിന്ന് കൂടുതല്‍ ദൂരത്തേയ്ക്ക് കൊണ്ടുപോകേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, യുക്രേനിയന്‍ പ്രഥമ വനിത ഒലീന സെലെന്‍സ്‌ക ബുധനാഴ്ച യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു. യുക്രേനിയക്കാര്‍ക്കെതിരായ ഈ ഭീകരത തടയാന്‍ തങ്ങളെ സഹായിക്കുന്നതിന് കൂടുതല്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ അവര്‍ ആവശ്യപ്പെട്ടു.

ഫെബ്രുവരി മുതല്‍, റഷ്യന്‍ സേനയ്ക്കെതിരായ പ്രതിരോധത്തിനായി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ യുക്രെയ്നിന് കൂടുതല്‍ ശക്തമായ ആയുധങ്ങള്‍ നല്‍കുന്നുണ്ട്. യുക്രെയ്നിന് ആയുധങ്ങള്‍ നല്‍കിയ പാശ്ചാത്യരുടെ നടപടികളെ റഷ്യന്‍ വിദേശകാര്യ മന്ത്രി അപലപിച്ചു. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്‌നിന്റെ കിഴക്കന്‍ ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ സംസാരിക്കുന്നവര്‍ വംശഹത്യയ്ക്ക് വിധേയരായിട്ടുണ്ടെന്നും അവരെ മോചിപ്പിക്കേണ്ടതുണ്ടെന്നും തെറ്റായി അവകാശപ്പെട്ടാണ് ഫെബ്രുവരിയില്‍ റഷ്യ യുക്രെയ്ന്‍ ആക്രമിച്ചത്. അഞ്ച് മാസത്തിന് ശേഷം, റഷ്യ യുക്രൈന്റെ കിഴക്കും തെക്കും ഭാഗങ്ങള്‍ കൈവശപ്പെടുത്തി. എന്നാല്‍ കിയെവ് പിടിച്ചെടുക്കാനുള്ള യഥാര്‍ത്ഥ ലക്ഷ്യത്തില്‍ അവര്‍ പരാജയപ്പെട്ടു. അതിനുശേഷം തങ്ങളുടെ പ്രധാന ലക്ഷ്യം ഡോണ്‍ബാസിന്റെ വിമോചനമാണെന്ന് അവകാശപ്പെട്ടു.

യുക്രൈനിന്റെ ചില ഭാഗങ്ങള്‍ പിടിച്ചെടുക്കാന്‍ റഷ്യ ഇപ്പോള്‍ തയ്യാറെടുക്കുകയാണെന്ന് യുഎസ് ആരോപിച്ചു. യുക്രെയ്നിലെ അധിനിവേശ പ്രദേശങ്ങള്‍ നിയന്ത്രിക്കാന്‍ റഷ്യ നിയമവിരുദ്ധമായ റഷ്യന്‍ അനുകൂല ഉദ്യോഗസ്ഥരെ നിയമിക്കുകയാണെന്ന് യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.

Latest News