തെക്ക്-കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ അന്താരാഷ്ട്ര കുടിയേറ്റക്കാര്‍, അഭയാര്‍ത്ഥികള്‍, അഭയം തേടുന്നവര്‍ എന്നിവരെ സംരക്ഷിക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ലോകാരോഗ്യ സംഘടനയുടെ 2020-ലെ അന്താരാഷ്ട്ര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകത്ത് എട്ടില്‍ ഒരാള്‍ കുടിയേറ്റക്കാരനാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യ, ബംഗ്ലാദേശ്, തായ്ലന്ഡ് എന്നീ രാജ്യങ്ങളാണ് അഭയം നല്കുന്നതില് മുന്നില്‍. ഇന്ത്യയില്‍ ജനസംഖ്യയുടെ 0.4 ശതമാനം കുടിയേറ്റക്കാരാണ്. ഏകദേശം 4,878,704 പേരോളം വരുമിത്. ഇതില്‍ 4.2 ശതമാനം അഭയാര്‍ത്ഥികളാണ്.
ആഗോള തലത്തില്‍ കുടിയേറ്റക്കാരുടെ ഏറ്റവും വലിയ സ്വീകര്‍ത്താവ് അമേരിക്കയാണ്, 2020-ലെ കണക്ക് പ്രകാരം ആഗോള കുടിയേറ്റക്കാരുടെ 18 ശതമാനം (51 ദശലക്ഷം) അമേരിക്കയിലാണ്.
മ്യാന്മറില് നിന്ന് തായ്ലന്‍ഡിലേക്കും നേപ്പാള്‍, ബംഗ്ലാദേശ്, ഭൂട്ടാന് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും മാലിദ്വീപിലേക്കുമാണ് പ്രധാനമായും കുടിയേറ്റം നടക്കുന്നത്. മ്യാന്മറിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ഏറ്റവും വലിയ അഭയാര്‍ത്ഥി സംഘം. ഒരു ദശലക്ഷത്തോളം പേരാണ് ബംഗ്ലാദേശില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്.
തായ്ലന്ഡ്-മ്യാന്മര് അതിര്‍ത്തിയില്‍ മ്യാന്മറില് നിന്നുള്ള അഭയാര്‍ഥികളുടെ ചെറിയ ഗ്രൂപ്പുകളും ഇന്ത്യയിലെ ശ്രീലങ്കക്കാരും നേപ്പാളില്‍ ഭൂട്ടാന് സ്വദേശികളും അഭയാര്‍ത്ഥികളായി കഴിയുന്നു. ഇന്തോനേഷ്യയിലെ അഭയാര്‍ഥികള്‍ ഓസ്ട്രേലിയയിലേക്ക് അഭയം തേടി പോകാന്‍ തയ്യാറെടുക്കുകയാണ്.
ഇത്തരത്തിലുള്ള അനുഭവങ്ങള്‍ വ്യക്തിയുടെ ആരോഗ്യത്തിലും ക്ഷേമത്തിലും സുപ്രധാന ഘടകമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.169 ദശലക്ഷം ആളുകളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വേട്ടയാടുന്നു. വൃത്തിഹീനവും അപകടകരവുമായ ജോലികളില്‍ ഏര്‍പ്പെടുന്നത് തൊഴില്‍ സംബന്ധമായ അപകടങ്ങള്‍ക്ക് കാരണമാകുന്നു.