Monday, November 25, 2024

രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ചരിത്ര സ്മാരകമെന്ന റെക്കോര്‍ഡ് നിലനിര്‍ത്തി താജ്മഹല്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ചരിത്ര സ്മാരകമെന്ന റെക്കോര്‍ഡ് നിലനിര്‍ത്തി താജ്മഹല്‍. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ ആണിത് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തിനിടെ താജ്മഹല്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ ഏകദേശം 132 കോടി രൂപ ലഭിച്ചു.

2019 മുതല്‍ 2022 വരെയുള്ള മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ എന്‍ട്രി ടിക്കറ്റ് വില്‍പ്പനയിലൂടെ ഉണ്ടാക്കുന്ന മൊത്തം വരുമാനത്തിന്റെ 24 ശതമാനം താജ്മഹലില്‍ നിന്നുള്ളതാണ്. 2019-20 ല്‍ 97.5 കോടി രൂപയും 2020-21 ല്‍ 9.5 കോടിയും 2021-22ല്‍ 25.61 കോടി രൂപയും വരുമാനമുണ്ടാക്കി.

പ്രധാന ശവകുടീരത്തിന് 200 രൂപ വിലയുള്ള പ്രത്യേക എന്‍ട്രി പെര്‍മിറ്റ് വിറ്റതിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 17.76 കോടി രൂപ അധികമായി ലഭിച്ചു. ഈ ക്രമീകരണം 2018 ഡിസംബറിലാണ് ആരംഭിച്ചത്.

രാജ്യത്തെ 3,693 സ്മാരകങ്ങളാണ് എഎസ്‌ഐയുടെ നിയന്ത്രണത്തിലുള്ളത്. സംരക്ഷിത സ്മാരകങ്ങളും പ്രദേശങ്ങളും 2020 മാര്‍ച്ചില്‍ കൊവിഡിനെത്തുടര്‍ന്ന് അടച്ചു. പകര്‍ച്ചവ്യാധി ശമിച്ച ശേഷം തുറന്നെങ്കിലും പലതും കണ്ടെയിന്‍മെന്റ് സോണുകളിലായിരുന്നു. 2021-2022ല്‍ യഥാക്രമം 6.01 കോടിയും 5.07 കോടിയും നേടിയ ചെങ്കോട്ട, ദില്ലിയിലെ കുത്തബ് മിനാര്‍ എന്നിവയാണ് മറ്റ് പ്രധാന വരുമാന കേന്ദ്രങ്ങള്‍.

 

Latest News