മൂന്നാര്‍ പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറില്‍ നിന്ന് തീവ്രവാദ സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്കിയ കേസില്‍ അന്വേഷണം നേരിടുന്ന മൂന്ന് പോലീസുകാരെ മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റി. മൂന്നാര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ പി.വി.അലിയാര്, പി.എസ്. റിയാസ് എന്നിവരെ എറണാകുളം ജില്ലയിലേക്കും അബ്ദുള്‍ സമദിനെ കോട്ടയം ജില്ലയിലേക്കും മാറ്റി.
പി വി അലിയാര് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനിലാണ്. മെയ് 15ന് സ്റ്റേഷന്റെ കമ്പ്യൂട്ടറില്‍ നിന്ന് രഹസ്യ വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് പൊലീസ് ചോര്‍ത്തിയതായി ആരോപണമുയര്‍ന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നാര്‍ ഡിവൈഎസ്പി കെ.ആര് മനോജിനെ ജില്ലാ പൊലീസ് മേധാവി ചുമതല ഏല്‍പ്പിച്ചു. വിവിധ രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം ആരംഭിച്ചിരുന്നു. മൂന്ന് പൊലീസുകാരുടെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് പിടിച്ചെടുത്ത് സൈബര്‍ സെല്ലിന് കൈമാറിയിരുന്നു. പ്രാഥമിക നടപടിയെന്ന നിലയിലാണ് സ്ഥലംമാറ്റം.