കൊളംബോയിലെ പ്രസിഡന്‍ഷ്യല്‍ ഓഫീസിന് പുറത്ത് ക്യാമ്പ് ചെയ്തിരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ശ്രീലങ്കന്‍ പോലീസും സൈനിക സേനയും ബലം പ്രയോഗിച്ച് നീക്കം ചെയ്തു. ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും ഇവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വക്താവ് എസ്എസ്പി നിഹാല്‍ തല്‍ദുവ അറിയിച്ചു.
പ്രതിസന്ധിയിലായ രാജ്യത്ത് പുതിയ നേതാവ് സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ പ്രതിഷേധ കൂടാരങ്ങള്‍ വലിച്ചെറിയുകയും പ്രസിഡന്‍ഷ്യല്‍ ഓഫീസിന് പുറത്ത് പ്രകടനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഇതുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പ്രചരിക്കുന്നുണ്ട്.
രാവിലെ നടന്ന റെയ്ഡിനെത്തുടര്‍ന്ന് തെരുവുകളിലെ സ്ഥിതി നിലവില്‍ ശാന്തമാണെന്ന് തലസ്ഥാനത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രധാന പ്രതിഷേധ സ്ഥലത്തും പരിസരത്തും കനത്ത സൈനിക-പോലീസ് സാന്നിധ്യം തുടരുകയാണ്.
പ്രസിഡന്‍ഷ്യല്‍ സെക്രട്ടേറിയറ്റിന്റെ പ്രവേശന കവാടത്തില്‍ സായുധ സേന ഇപ്പോള്‍ കാവല്‍ നില്‍ക്കുകയാണ്. കെട്ടിടത്തിന്റെ പൂര്‍ണ നിയന്ത്രണവും അവര്‍ ഏറ്റെടുത്തു. സെക്രട്ടേറിയറ്റിന് മുകളില്‍ സ്ഥാപിച്ചിരുന്ന ബാനറുകളും നീക്കം ചെയ്തിട്ടുണ്ട്.
പ്രതിഷേധക്കാരെ ആക്രമിക്കുന്നതിന് അധികാരികള്‍ നടത്തിയ ബലപ്രയോഗത്തെയും അക്രമത്തെയും അപലപിക്കുന്നതായി ബാര്‍ അസോസിയേഷന്‍ ഓഫ് ശ്രീലങ്ക പ്രസ്താവനയില്‍ പറഞ്ഞു. ശ്രീലങ്കയിലെ മനുഷ്യാവകാശ കമ്മീഷനും റെയ്ഡിനെ അപലപിച്ചു. ജനങ്ങളുടെ മൗലികാവകാശങ്ങളുടെ പൂര്‍ണ്ണമായ ലംഘനമാണ് നടന്നതെന്നും കമ്മീഷന്‍ പറഞ്ഞു. യുഎസ്, ബ്രിട്ടീഷ് നയതന്ത്രജ്ഞരും സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.
മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ബുധനാഴ്ച രാജ്യത്തിന്റെ പ്രസിഡന്റായി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് ഉടന്‍ തന്നെ പൊതു ക്രമം നിലനിര്‍ത്താന്‍ സായുധ സേനയോട് ആഹ്വാനം ചെയ്ത് അസാധാരണ ഗസറ്റും പുറത്തിറക്കിയിരുന്നു.
ജൂലൈ 13 ന് രാജ്യം വിട്ട മുന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെയുടെയും പ്രധാന രജപക്സ സഖ്യകക്ഷിയായ വിക്രമസിംഗയുടെയും രാജി ആവശ്യപ്പെട്ട് മാസങ്ങളായി പ്രസിഡന്‍ഷ്യല്‍ ഓഫീസിന് പുറത്ത് പ്രതിഷേധക്കാര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. രാജ്യത്തെ 22 ദശലക്ഷം ആളുകളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ ഇരുവരും നേതൃത്വം നല്‍കിയെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.