1907 സെപ്റ്റംബര്‍28 ന് ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ലയല്‍പൂര്‍ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കര്‍ഷക കുടുംബത്തിലാണ് ഭഗത് സിങ് ജനിച്ചത്. സര്‍ദാര്‍ കിഷന്‍ സിംഗ് – വിദ്യാവതി ദമ്പതികളുടെ രണ്ടാമത്തെ മകനായിട്ടായിരുന്നു ജനനം. ഭഗത് സിങിന്റെ മാതാപിതാക്കളും സ്വാതന്ത്ര്യസേനാനികളായിരുന്നു.
ഭാഗ്യം കൊണ്ടുവന്ന ഭഗത്
ഭഗത് എന്ന വാക്കിന്റെ അര്‍ഥം ഭാഗ്യമെന്നാണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ദീര്‍ഘകാലം ജയിലിലായിരുന്ന ഭഗത് സിങിന്റെ പിതാവും ചെറിയച്ഛനുമൊക്കെ ജയില്‍ മോചിതരായി വീട്ടില്‍ തിരിച്ചെത്തിയ ഒരു ദിനത്തിലായിരുന്നു ഭഗത് ജനിച്ചത്. വീട്ടില്‍ സന്തോഷം നിറഞ്ഞ ദിവസം വിരുന്നുവന്ന അതിഥിക്ക് അവര്‍ ഭാഗ്യം എന്ന് അര്‍ഥം വരുന്ന പേരിട്ടു.
ചോരയും മണ്ണും കുപ്പിയിലാക്കിയ കൊച്ചു ഭഗത്
ഭഗത് സിംഗിന് 12 വയസ്സുള്ളപ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത്. നിരപരാധികള്‍ വെടിയേറ്റുവീണ സംഭവം ഈ ചെറുപ്പക്കാരനില്‍ ദേശഭക്തി ആളിക്കത്തിച്ചു. പിറ്റേ ദിവസം ജാലിയന്‍ വാലാബാഗ് സന്ദര്‍ശിച്ച ഭഗത് അവിടെ നിന്നും ശേഖരിച്ച ചോരയും മണ്ണും ഒരു ചെറിയ കുപ്പിയിലാക്കി അലങ്കരിച്ചു തന്റെ മുറിയില്‍ സ്ഥാപിക്കുകയും അതിന് അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്യുകയുണ്ടായി. ബാലനായിരിക്കുമ്പോള്‍ തന്നെ ഭഗതിന്റെ ജീവിതത്തില്‍ ദേശസ്നേഹം മുളപൊട്ടിയിരുന്നു എന്നതിന്റെ ഉദാഹരണമാണിത്.
‘വധു മരണം മാത്രം’
നാഷണല്‍ കോളജിലെ പഠനം കഴിഞ്ഞപ്പോള്‍ മാതാപിതാക്കള്‍ ഭഗത് സിങിന് വിവാഹമാലോചിക്കാന്‍ തുടങ്ങി. എന്നാല്‍ ഇന്ത്യ സ്വതന്ത്രയാവുന്നതുവരെ എന്റെ വധു മരണം മാത്രമായിരിക്കുമെന്ന് പറഞ്ഞ ഭഗത് വിവാഹത്തില്‍ നിന്നും രക്ഷപ്പെടാനായി നാടുവിട്ട് കാണ്‍പൂരിലേയ്ക്കു പോയി. അവിടെ പ്രതാപ് പ്രസ് എന്ന ഒരു അച്ചടിശാലയില്‍ ജോലിയ്ക്കു ചേര്‍ന്നു. ഒഴിവുസമയങ്ങളില്‍ വിപ്ലവസാഹിത്യ പഠനം നടത്തി.
ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്റ് വിപ്ലവകാരി
1920 ല്‍ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോള്‍ 13-ാമത്തെ വയസ്സില്‍ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായി. അക്കാലത്ത് അദ്ദേഹം വായിച്ചിരുന്ന യൂറോപ്പിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ അദ്ദേഹത്തെ കമ്യൂണിസ്റ്റ് ആശയങ്ങളോട് അടുപ്പിച്ചു . അക്രമരഹിതമായ സമരമാര്‍ഗങ്ങളേക്കാള്‍ സായുധപോരാട്ടത്തിനു മുന്‍ഗണന നല്‍കിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് വിപ്ലവകാരി എന്നും ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നു.
അറസ്റ്റ്
ജോണ്‍ സോണ്ടേഴ്സ് എന്ന, ബ്രിട്ടീഷ് പോലീസുദ്യോഗസ്ഥനെ വെടിവെച്ചു കൊന്നതിന്റെ പേരിലാണ് ഭഗത് സിങും സുഖ്ദേവും രാജ്ഗുരുവും വിചാരണയ്ക്കും തുടര്‍ന്ന് വധശിക്ഷയ്ക്കും വിധേയരായത്. ബ്രിട്ടീഷ് പോലീസ് സൂപ്രണ്ട് ആയിരുന്ന ജെയിംസ് സ്‌കോട്ട് ആണെന്ന് തെറ്റിദ്ധരിച്ചാണ് അവര്‍ സോണ്ടേഴ്സിനെ വധിച്ചത്. ദേശീയ പ്രസ്ഥാനത്തിന്റെ സമുന്നതനും ജനപ്രിയനുമായ നേതാവായിരുന്ന ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായതിനാലാണ് ജെയിംസ് സ്‌കോട്ടിനെ വധിക്കാന്‍ മൂവരും തീരുമാനിച്ചുറച്ചത്.
ലാലാ ലജ്പത് റായിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്തു എന്ന് പരസ്യമായി പ്രഖ്യാപിച്ച ഭഗത് സിങ് തുടര്‍ന്ന് മാസങ്ങളോളം ഒളിവില്‍ കഴിഞ്ഞു. പിന്നീട് 1929 ഏപ്രിലില്‍ സഹപ്രവര്‍ത്തകനായ ബടുകേശ്വര്‍ ദത്തിനോടൊപ്പം പ്രത്യക്ഷപ്പെട്ട ഭഗത് സിങ് ഡല്‍ഹിയിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ കെട്ടിടത്തില്‍ ബോംബ് വയ്ക്കുകയായിരുന്നു. അതേതുടര്‍ന്ന് ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്ന പ്രശസ്തമായ മുദ്രാവാക്യം മുഴക്കികൊണ്ട് ഭഗത് സിങ് പോലീസിന് കീഴടങ്ങി.
ജയിലിലും സമരം
ജയിലില്‍ ആയിരുന്നപ്പോഴും ഭഗത് സിങിന്റെ സമരവീര്യത്തിന് കുറവുണ്ടായില്ല. മിയാന്‍വാലി ജയിലില്‍ കഴിഞ്ഞിരുന്ന തടവുകാരുടെ ജീവിത സൗകര്യങ്ങള്‍ ഭഗത് സിങിനെ അസ്വസ്ഥനാക്കി. ബ്രിട്ടീഷ് തടവുകാര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ലഭ്യമായിരുന്നപ്പോള്‍ ഇന്ത്യന്‍ തടവുകാര്‍ക്ക് മോശം ഭക്ഷണവും താഴ്ന്ന ജീവിതസൗകര്യങ്ങളുമാണ് ലഭിച്ചിരുന്നത്. ഇത്തരത്തിലുള്ള വേര്‍തിരിവിനെതിരെയും തടവുകാര്‍ക്ക് നേരിടേണ്ടി വന്ന അനീതികള്‍ക്കെതിരെയും ശബ്ദിച്ച ഭഗത് സിങ് ഈ വിഷയങ്ങള്‍ ഉന്നയിച്ച് നിരാഹാര സമരവും ആരംഭിച്ചു.
തൂക്കിലേറ്റും മുമ്പ് ഭഗത് സിങ് പറഞ്ഞു; എനിക്ക് അരമണിക്കൂര്‍ കൂടി തരണം
ഭഗത്സിങ്ങിനെ തൂക്കിക്കൊല്ലാന്‍ നിശ്ചയിച്ച ദിവസത്തിന്റെ തലേന്ന് ലാഹോര്‍നഗരം അതിനെതിരായ പ്രകടനങ്ങള്‍കൊണ്ട് പ്രക്ഷുബ്ധമായിത്തീര്‍ന്നു. നഗരവാസികളൊന്നാകെ ഇളകിയിരമ്പി വന്ന് ജയിലിനു ചുറ്റും നിരന്നു. ജനക്കൂട്ടം ജയില്‍ ആക്രമിച്ചേക്കുമോ എന്നു ഭയപ്പെട്ടു. അധികൃതര്‍ക്ക് തൂക്കിക്കൊല മാറ്റിവെക്കാന്‍ തീരുമാനിക്കേണ്ടിവന്നു.
ആ തീരുമാനത്തിന്റെ സൂചനകളില്‍ വിശ്വസിച്ച് ആളുകള്‍ പിരിഞ്ഞുപോയപ്പോള്‍ വളരെപ്പെട്ടെന്ന്, നിശ്ചയിച്ച ദിവസത്തിന്റെ തലേന്നു സന്ധ്യയ്ക്കു തിരക്കിട്ട് ഭഗത്സിങ്ങിനെ തൂക്കിലേറ്റാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം ഭഗത്സിങ്ങിനെ അറിയിച്ചപ്പോള്‍ യാതൊരു വൈമനസ്യവും കൂടാതെ ഭഗത്സിങ് പറഞ്ഞു, ‘എനിക്ക് അരമണിക്കൂര്‍ കൂടി തരണം. ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്ന ഈ പുസ്തകം തീര്‍ക്കുവാന്‍.’ ആ അപേക്ഷ അനുവദിക്കപ്പെട്ടു. അരമണിക്കൂറിനുള്ളില്‍ പുസ്തകം വായിച്ചുതീര്‍ത്ത് ഭഗത്സിങ് സ്വന്തം മരണത്തിന് തയ്യാറായി. ആപുസ്തകം ലെനിന്റെ ജീവചരിത്രമായിരുന്നു.
മരണം
ഭഗത് സിങ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത് 1931 മാര്‍ച്ച് 23-നാണ്. 23 വയസു മാത്രമായിരുന്നു ഭഗത് സിങിന് ആ സമയത്ത് പ്രായം. ഇന്നത്തെ പാക്കിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് ഈ മൂന്ന് പോരാളികളെയും തൂക്കിലേറ്റിയത്. കൊലമരത്തിന് മുന്നിലും ഭയചകിതരാകാതെ, മുഖം കറുത്ത തുണി കൊണ്ട് മൂടാന്‍ അനുവദിക്കാതെ, ‘ഇങ്ക്വിലാബ് സിന്ദാബാദ്’, സാമ്രാജ്യത്വം തകരട്ടെ, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക’ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കികൊണ്ട് സധൈര്യം മരണം വരിച്ച ഭഗത് സിങിന്റെയും സുഖ്ദേവിന്റെയും രാജ്ഗുരുവിന്റെയും ഓര്‍മ്മകള്‍ ഇന്നും അനേകരെ പ്രചോദിപ്പിക്കുന്നു.
‘എന്റെ മണ്ണില്‍ നിന്നുപോലും മാതൃഭൂമിയോടുള്ള കൂറിന്റെ സുഗന്ധം വമിക്കുമെന്ന’ ഉറുദുഗാനമാലപിച്ചും ദേശസ്നേഹത്തിന്റെ മുദ്രാവാക്യങ്ങള്‍ ഉറക്കെ മുഴക്കിയുമാണ് ഭഗത് സിങും സുഹൃത്തുക്കളും കഴുമരത്തിലേക്ക് നെഞ്ചും വിരിച്ച് നടന്നത്. ഇന്ത്യന്‍ യുവത്വത്തിന്റെ വീറുറ്റ വ്യക്തിത്വത്തെയായിരുന്നു ആ വീരവിപ്ലവകാരിയുടെ വിയോഗത്തോടെ നഷ്ടമായത്. മരണശേഷം ബന്ധുക്കള്‍ക്ക് ജഡം പോലും വിട്ടുകൊടുക്കാതെ രഹസ്യമായി സത്ലജ് നദിക്കരയില്‍ ദഹിപ്പിച്ചു.