യുക്രേനിയന്‍ മാനസികാരോഗ്യ വിദഗ്ധര്‍ ഇസ്രായേലില്‍ വിദഗ്ധ പരിശീലനം നേടുകയാണിപ്പോള്‍. കാരണം യുദ്ധം അത്രമേല്‍ രാജ്യത്തെ ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചതിനാല്‍ രോഗികളെയും തങ്ങളെ സമീപിക്കുന്നവരേയും ചികിത്സിക്കാന്‍ കുടുതല്‍ വൈദഗ്ധ്യം മാനസികാരോഗ്യവിദഗ്ധര്‍ നേടേണ്ടതുണ്ട്.
2014-ല്‍ റഷ്യയുമായുള്ള യുദ്ധത്തിനിടെ അനുഭവിച്ച മാനസിക ആഘാതത്തില്‍ നിന്ന് കരകയറിയ സൈനികര്‍ വീണ്ടും തകര്‍ച്ചയുടെ വക്കിലാണെന്ന് യുക്രേനിയന്‍ തെറാപ്പിസ്റ്റ് സ്വിറ്റ്ലാന കുറ്റ്സെങ്കോ പറഞ്ഞു. ഇപ്പോള്‍, റഷ്യ യുക്രെയ്ന് ആക്രമിച്ച് അഞ്ച് മാസത്തിന് ശേഷം, സ്ഥിതി എന്നത്തേക്കാളും വഷളായതായാണ് അവര്‍ പറയുന്നത്. കൂടാതെ യുദ്ധകാലത്തെ ജീവിതത്തിന്റെ ഭീകരതയാല്‍ മാനസികമായി മുറിവേറ്റ സാധാരണ പൗരന്മാരും ഇപ്പോള്‍ ധാരാളമായി ചികിത്സ തേടുന്നു.
‘ചില ആളുകള്‍ വലിയ ഭയത്താല്‍ കഷ്ടപ്പെടുന്നു. സ്വന്തം മരണഭയം, ബന്ധുക്കളുടെ മരണത്തെക്കുറിച്ചുള്ള ഭയം, ചിലര്‍ വല്ലാതെ ദേഷ്യപ്പെടുന്നു, എങ്ങനെയെങ്കിലും ഈ കോപം നിയന്ത്രണത്തിലാക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു’. കുറ്റ്സെങ്കോ പറയുന്നു.
ഇത്തരം ട്രോമ കേസുകളെ എങ്ങനെ ചികിത്സിക്കണം എന്നതിനെക്കുറിച്ചുള്ള പരിശീലനത്തിനാണ് കഴിഞ്ഞ രണ്ടാഴ്ച കുറ്റ്സെങ്കോ ഉള്‍പ്പെടെയുള്ള 20 യുക്രേനിയന്‍ മാനസികാരോഗ്യ വിദഗ്ധര്‍ ഇസ്രായേലില്‍ ചെലവഴിച്ചത്. കാരണം നിരവധി യുദ്ധങ്ങളിലൂടെ കടന്നുപോവുകയും ഹോളോകോസ്റ്റ് അതിജീവിച്ചവരുടെ വലിയൊരു ജനസംഖ്യയുള്ള രാജ്യവുമായ ഇസ്രായേലിന് മാനസികമായ ആഘാതങ്ങള്‍ ചികിത്സിക്കുന്നതില്‍ ആഴത്തിലുള്ള അനുഭവമുണ്ട്.
എന്നാല്‍ യുക്രെയ്നില്‍, മാനസിക ആഘാതം തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള അവബോധം താരതമ്യേന കുറവാണ്. അതുകൊണ്ടുതന്നെ റഷ്യന്‍ അധിനിവേശം ബാധിച്ച വന്‍തോതിലുള്ള ആളുകളെ വേണ്ടരീതിയില്‍ ചികിത്സിക്കാന്‍ രാജ്യം സജ്ജമല്ല. മാത്രവുമല്ല ഇപ്പോള്‍, യുക്രെയ്നില്‍, മിസൈലുകളാലും ബോംബുകളാലും കൊല്ലപ്പെടുന്നത് മാത്രമല്ല, പീഡനവും ബലാത്സംഗവും മറ്റ് ഭയാനകമായ പ്രവൃത്തികളും നടക്കുന്നുണ്ടെന്നും കുറ്റ്സെങ്കോ പറയുന്നു.
ഏതെങ്കിലും തരത്തിലുള്ള ആഘാതങ്ങള്‍ നേരിട്ടവരെ ചികിത്സിക്കാന്‍ മാനസികാരോഗ്യ വിദഗ്ധരെ പരിശീലിപ്പിക്കുന്ന ഇസ്രായേലി സ്ഥാപനമായ മെറ്റിവിന്റെ ഡയറക്ടറായ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡാനി ബ്രോം ആയിരുന്നു കോഴ്സിന്റെ പരിശീലകന്.