Monday, November 25, 2024

കരാര്‍ ലംഘിച്ച് റഷ്യ; തുറമുഖം ആക്രമിച്ചു

കരിങ്കടല്‍ തുറമുഖം വഴിയുള്ള ധാന്യക്കയറ്റുമതി പുനഃസ്ഥാപിക്കാന്‍ റഷ്യയും യുക്രെയ്‌നും കരാര്‍ ഒപ്പുവച്ചതിനു പിന്നാലെ തുറമുഖ നഗരമായ ഒഡേസയില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം. ഇന്നലെ പുലര്‍ച്ചെയാണു രണ്ടു മിസൈലുകള്‍ ഒഡേസയില്‍ പതിച്ചതെന്നു സൈന്യം അറിയിച്ചു. രണ്ടു മിസൈലുകള്‍ നിര്‍വീര്യമാക്കിയെന്നും സതേണ്‍ കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഒപ്പുവച്ച കരാറില്‍, ധാന്യങ്ങളുടെ കയറ്റിറക്കിനിടെ റഷ്യ തുറമുഖങ്ങളെ ആക്രമിക്കരുതെന്ന നിബന്ധനയുണ്ടായിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണുണ്ടായിരിക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യവിഭാഗം തലവന്‍ ഹൊസെപ് ബൊറെല്‍ പറഞ്ഞു.

ഇസ്താംബൂളില്‍ കരാര്‍ ഒപ്പുവച്ചതിനു പിന്നാലെയുണ്ടായ ആക്രമണം അപലപനീയമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആക്രമണത്തെ യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസും അപലപിച്ചു. തുറമുഖത്തെ ധാന്യസംഭരണശാലകള്‍ ലക്ഷ്യമിട്ടാണു റഷ്യ ആക്രമണം നടത്തിയത്.

സെന്‍ട്രല്‍ കിറോവോഹ്രാദിലെ സൈനിക കേന്ദ്രവും റെയില്‍വേ സംവിധാനങ്ങളും ലക്ഷ്യമിട്ടു റഷ്യ നടത്തിയ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. വൈദ്യുതി സബ്‌സ്റ്റേഷനിലെ രണ്ടു ഗാര്‍ഡുകളും ഒരു സൈനികനുമാണു കൊല്ലപ്പെട്ടത്.

Latest News