മോസ്‌കോ യൂറോപ്പിനെതിരെ ‘വാതക യുദ്ധം’ നടത്തുകയാണെന്നും ജനങ്ങളുടെയിടയില്‍ ഭീകരത സൃഷ്ടിക്കാന്‍ സപ്ലൈ വെട്ടിക്കുറച്ചുവെന്നും യുക്രൈന്‍ ആരോപിച്ചു. നോര്‍ഡ് സ്ട്രീം 1 പൈപ്പ്‌ലൈനിലെ ടര്‍ബൈനില്‍ അറ്റകുറ്റ പണികള്‍ നടത്തുന്നതിനാല്‍ ജര്‍മ്മനിയിലേക്കുള്ള വാതക സപ്ലൈ കുറയ്ക്കുന്നതായി റഷ്യന്‍ ഊര്‍ജ്ജ സ്ഥാപനമായ ഗാസ്‌പ്രോം പ്രഖ്യാപിച്ചു. എന്നാല്‍ ഇത് യൂറോപ്പിനെതിരായ ‘ഗ്യാസ് ബ്ലാക്ക് മെയില്‍’ മാത്രമാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.
അടുത്തിടെ ഒപ്പിട്ട പുതിയ കരാറിനെത്തുടര്‍ന്ന് യുക്രേനിയന്‍ തുറമുഖങ്ങളില്‍ നിന്നുള്ള ധാന്യ കയറ്റുമതി ഈ ആഴ്ച പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷ നിലനില്‍ക്കെയാണ് റഷ്യയുടെ പുതിയ നീക്കം.
അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് നിലവിലെ അളവിന്റെ പകുതിയോളം ഗ്യാസ് വിതരണം കുറയ്‌ക്കേണ്ടതുണ്ടെന്ന് ഗാസ്പ്രോം തിങ്കളാഴ്ച പറഞ്ഞു. എന്നാല്‍ റഷ്യ ഗ്യാസ് വിതരണം പരിമിതപ്പെടുത്തുന്നതിന് സാങ്കേതിക കാരണങ്ങളൊന്നുമില്ലെന്ന് ജര്‍മ്മന്‍ സര്‍ക്കാര്‍ പറഞ്ഞു.
റഷ്യയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് ഗ്യാസ് പമ്പ് ചെയ്യുന്നതിനായി ബാള്‍ട്ടിക് കടലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ഡ് സ്ട്രീം 1 പൈപ്പ്ലൈന്‍ ഇതിനകം തന്നെ ആഴ്ചകളായി ശേഷിയിലും വളരെ താഴെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ മാസം ആദ്യം 10 ദിവസത്തെ അറ്റകുറ്റപ്പണികള്‍ക്കായി പൈപ്പ്‌ലൈന്‍ പൂര്‍ണ്ണമായും അടച്ചിരുന്നു.
റഷ്യ കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയനു മുഴുവനുമായി 40% വാതകം വിതരണം ചെയ്തിരുന്നു. ഇപ്പോള്‍ റഷ്യ ഊര്‍ജ്ജം ആയുധമായി ഉപയോഗിക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍ ആരോപിച്ചു.
തണുപ്പ് മാസങ്ങളില്‍ ജനങ്ങള്‍ അനുഭവിച്ചേക്കാവുന്ന വാതക ദാരിദ്ര്യത്തെക്കുറിച്ച് യാതൊരു ശ്രദ്ധയുമില്ലാതെ, യൂറോപ്പിന്റെ ശൈത്യകാലത്തെ കൂടുതല്‍ ദുരിതത്തിലാക്കുക എന്ന ബോധപൂര്‍വമായ ശ്രമമാണ് റഷ്യയുടേതെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു.
യൂറോപ്യന്‍ ഊര്‍ജ മന്ത്രിമാര്‍ ചൊവ്വാഴ്ച ബ്രസല്‍സില്‍ യോഗം ചേരുന്നുണ്ട്. അവിടെ പ്രതിസന്ധിയോടുള്ള സംയുക്ത പ്രതികരണത്തില്‍ ഒപ്പുവെക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
അംഗരാജ്യങ്ങള്‍ അടുത്ത ഏഴ് മാസത്തിനുള്ളില്‍ ഗ്യാസ് ഉപഭോഗം 15% കുറയ്ക്കാന്‍ കഴിഞ്ഞ ആഴ്ച യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ചില രാജ്യങ്ങള്‍ പദ്ധതിയെ എതിര്‍ത്തുവെങ്കിലും, കരാറിലെത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തലസ്ഥാനങ്ങളില്‍ വലിയ രീതിയില്‍ സമ്മര്‍ദ്ദമുണ്ട്.