Tuesday, November 26, 2024

കത്തോലിക്കാ മിഷനറിമാര്‍ ഇല്ലായിരുന്നെങ്കില്‍ തമിഴ്നാട് മറ്റൊരു ബിഹാറായി മാറുമായിരുന്നുവെന്ന് തമിഴ്നാട് നിയമസഭാ സ്പീക്കര്‍ എം അപ്പാവു

ക്രിസ്ത്യന്‍ മിഷനറിമാരാണ് സംസ്ഥാനത്തിന്റെ വികസനത്തിന് കാരണമെന്നും കത്തോലിക്കാ മിഷനുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ സംസ്ഥാനം മറ്റൊരു ബിഹാറായി മാറുമായിരുന്നുവെന്നും തമിഴ്നാട് നിയമസഭാ സ്പീക്കര്‍ എം അപ്പാവു തിങ്കളാഴ്ച പറഞ്ഞത് വിവാദത്തിന് തിരികൊളുത്തി.

തന്റെ കരിയര്‍ രൂപപ്പെടുത്തിയത് കത്തോലിക്കാ മിഷനറിമാരാണെന്നും ഉപവസിക്കുകയും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ആളുകളുടേതാണ് ഈ സര്‍ക്കാര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഈ സര്‍ക്കാര്‍ സൃഷ്ടിച്ചത് മിഷനറിമാരാണെന്ന് മുഖ്യമന്ത്രിക്ക് (എം കെ സ്റ്റാലിന്‍) അറിയാം. നിങ്ങള്‍ക്ക്, കത്തോലിക് മിഷനുകള്‍ക്ക്, മുന്നോട്ടു വന്ന് നിങ്ങളുടെ കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് സംസാരിക്കാം. ഞാന്‍ നിങ്ങളെ പിന്തുണയ്ക്കും. നിങ്ങളെ പുറത്താക്കിയാല്‍ തമിഴ്‌നാട്ടില്‍ ഒരു വളര്‍ച്ചയും ഉണ്ടാകില്ല. മിഷനറിമാരില്ലായിരുന്നുവെങ്കില്‍ തമിഴ്നാട് ബീഹാറിനെപ്പോലെയാകുമായിരുന്നുവെന്നും സ്പീക്കര്‍ അപ്പാവു പറഞ്ഞു.

‘വളര്‍ച്ചയുടെ പ്രധാന കാരണം കത്തോലിക്കാ മിഷനറിമാരാണ്. അവരുടെ പ്രവര്‍ത്തനമാണ് തമിഴ്‌നാടിന്റെ അടിത്തറ പാകിയത്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്രം മാത്രമാണ് താന്‍ പരാമര്‍ശിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ക്രിസ്ത്യന്‍ മിഷനറിമാര്‍ മാത്രമാണ് എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കിയത്. ക്രിസ്ത്യന്‍ മിഷനറിമാര്‍ സാമൂഹിക സമത്വം കൊണ്ടുവന്നു. ദ്രാവിഡ പ്രസ്ഥാനം അവരുടെ പ്രവര്‍ത്തനത്തിന്റെ വിപുലീകരണമാണ്. സ്പീക്കര്‍ അപ്പാവു പറഞ്ഞു.

 

 

Latest News