റഷ്യയുടെ പ്രകൃതിവാതക വിതരണ കമ്പനിയായ ഗ്യാസ്പ്രോം യൂറോപ്പിലേക്കുള്ള വിതരണം 20 % ആക്കി കുറച്ചത് മൂലം യൂറോപ്യൻ രാജ്യങ്ങൾ പ്രതിസന്ധിയിൽ. ഇന്ന് മുതൽ ആണ് ഗ്യാസ്പ്രോം നോർഡ് സ്ട്രീം 1 വഴിയുള്ള വിതരണത്തിൽ നിയന്ത്രണം കൊണ്ടുവന്നത്. ഉക്രൈന് എതിരായ സൈനിക നടപടിയുടെ പശ്ചാത്തലത്തിൽ റഷ്യക്കെതിരെ വിവിധ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനോടുള്ള മറുപടി എന്ന നിലയിലാണ് പുതിയ തീരുമാനം. റഷ്യയുടെ ഈ നീക്കം ഊർജ്ജവിപണിയിൽ വൻവിലക്കയറ്റത്തിന് വഴിവയ്ക്കും. ഇതുമൂലം മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലേക്ക് പ്രകൃതിവാതക വില കുതിച്ചുയർന്നു.
റഷ്യയിലെ ഗാസ്പ്രോം ബുധനാഴ്ച റഷ്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള ഒരു പ്രധാന പൈപ്പ്ലൈനിലൂടെ ഒഴുകുന്ന പ്രകൃതിവാതകത്തിന്റെ അളവ്
അതിന്റെ മൊത്തം ശേഷിയുടെ 20% ആയി പകുതിയായി കുറച്ചിരുന്നു. സാങ്കേതിക പ്രശ്നങ്ങളുടെ മേൽ പഴിചാരിയാണ് റഷ്യ ഈ നീക്കം നടത്തുന്നതെങ്കിലും ഉക്രൈയ്‌നിലെ യുദ്ധത്തിനിടയിൽ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ അനിശ്ചിതത്വം വിതയ്ക്കാനും വില വർദ്ധിപ്പിക്കാനുമുള്ള രാഷ്ട്രീയ നീക്കമായി ജർമ്മനി ഇതിനെ കാണുന്നു.
വ്യവസായികാവശ്യങ്ങൾക്കും വൈദ്യുതി ഉത്പാദനത്തിനും ശൈത്യകാലത്ത് വീടുകൾക്ക് ചൂടുപിടിപ്പിക്കാനും ഉപയോഗിക്കുന്ന പ്രകൃതിവാതകത്തിന് മാർച്ച് ആദ്യം മുതൽ തന്നെ അതിന്റെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയിരുന്നു. കുതിച്ചുയരുന്ന ഊർജ്ജത്തിന്റെ വില പണപ്പെരുപ്പത്തിന് ആക്കം കൂട്ടുന്നു. ജനങ്ങളുടെ പണം ചെലവഴിക്കാനുള്ള ശേഷിയെയും ബാധിക്കുന്നു. ശൈത്യകാലം മറികടക്കാൻ ആവശ്യമായ വാതകം ലഭിച്ചില്ലെങ്കിൽ യൂറോപ്പ് മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന ആശങ്കകൾ ഉയർത്തുന്നുണ്ട് ഈ നീക്കം.
റഷ്യയില്‍നിന്നുള്ള ഊര്‍ജ്ജവിതരണത്തെ ആശ്രയിക്കുന്നവയാണ് യൂറോപ്പിലെ മിക്ക രാജ്യങ്ങളും. അതുകൊണ്ടുതന്നെ, ഉക്രൈന്‍ അധിനിവേശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതികരണങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ഈ ഊര്‍ജ്ജ ആശ്രിതത്വം പ്രധാന ഘടകമാണ്.