Monday, November 25, 2024

മേശകളില്‍ കയറി നൃത്തവും പാട്ടും; ഇറാഖ് പാര്‍ലമെന്റ് കയ്യേറി പ്രതിഷേധം

ഇറാഖ് പാര്‍ലമെന്റ് കയ്യേറി ഷിയാ നേതാവിന്റെ അനുയായികള്‍. മുഖ്താദ അല്‍ സദറിന്റെ അനുയായികളാണ് പാര്‍ലമെന്റ് കയ്യേറിയത്. മുഹമ്മദ് ഷിയ അല്‍ സുഡാനിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെയാണ് പ്രതിഷേധം നടന്നത്. ആയിരക്കണക്കിന് ആളുകളാണ് പാര്‍ലമെന്റിന് അകത്തും പുറത്തും കടന്നു കയറിയത്.

അതീവ സുരക്ഷ്ാ മേഖലയിലേക്കാണ് ഇവര്‍ കടന്ന് കയറിയത്. പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് മന്ദിരം വിടണമെന്ന് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വകവെക്കാതെ ഇവര്‍ മേശകളില്‍ കയറി നൃത്തം വെക്കുകയും പാട്ടുകള്‍ പാടുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ പാര്‍ലമെന്റില്‍ എംപിമാര്‍ ആരും ഉണ്ടായിരുന്നില്ല.

തൊഴിലില്ലായ്മയും അഴിമതിയും കൊണ്ട് വലഞ്ഞ ഇറാഖില്‍ ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാണ് . സുരക്ഷ ജീവനക്കാര്‍ പ്രതിഷേധക്കാരോട് മൃദുസമീപനമാണ് സ്വീകരിച്ചത് എന്ന ആരോപണം ശക്തമാണ്. അല്‍ സുദാനി പുറത്തുപോവുക എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയത്. സുരക്ഷയുടെ ഭാഗമായി ഗ്രീന്‍ സോണ്‍ പ്രവേശനകവാടത്തില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ സദ്‌റിന്റെ സഖ്യം 73 സീറ്റ് നേടി 329 അംഗ പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയായി മാറിയിരുന്നു. എന്നാല്‍ രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് ഇവര്‍ക്ക് അധികാരമേല്‍ക്കാനായിരുന്നില്ല. വോട്ടെടുപ്പിന് ശേഷം പുതിയ സര്‍ക്കാരുണ്ടാനുള്ള ചര്‍ച്ചകള്‍ നിലക്കുകയായിരുന്നു.

 

 

Latest News