പൊതുതെരഞ്ഞെടുപ്പു കഴിഞ്ഞ് പത്തുമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാത്തതിനെതിരേ ഇറാക്കില്‍ പ്രതിഷേധക്കാര്‍ പാര്‍ലമെന്റില്‍ കടന്നുകയറി.
ഇറാന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ഷിയാ പുരോഹിതന്‍ മുഖ്താദ അല്‍ സദറിന്റെ ആയിരക്കണക്കിനു വരുന്ന അനുയായികളും പൊതുജനങ്ങളുമാണ് പ്രതിഷേധിച്ചത്. ഈ മാസം രണ്ടാംതവണയായിരുന്നു പാര്‍ലമെന്റിനുള്ളില്‍ കടന്നുള്ള പ്രതിഷേധം.
പ്രകടനക്കാര്‍ പാര്‍ലമെന്റിനുള്ളിലെ മേശകളിലൂടെ നടന്നും ഇരുന്നും ദേശീയപതാക വീശിയും പാട്ടുപാടിയുമാണു പ്രതിഷേധിച്ചത്. അംഗങ്ങളാരും പാര്‍ലമെന്റ് മന്ദിരത്തില്‍ ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ സുരക്ഷാസേനാംഗങ്ങള്‍ കണ്ണീര്‍വാതകവും ശബ്ദബോംബുകളും പ്രയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിച്ചു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ 60 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.