Monday, November 25, 2024

ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് ഫിദല്‍ വി റാമോസ് അന്തരിച്ചു; വിടവാങ്ങിയത് ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച നേതാവ്

ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് ഫിദല്‍ വി റാമോസ് (94) അന്തരിച്ചു. ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടിയതിനൊപ്പം കൊറോണയും അദ്ദേഹത്തെ ബാധിച്ചിരുന്നു. 1992 മുതല്‍ 1998 വരെ ഫിലിപ്പീന്‍സിന്റെ പ്രസിഡന്റ് പദവിയിലിരുന്ന റാമോസ് രാജ്യത്തെ 12-ാമത്തെ പ്രസിഡന്റാണ്. കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത ഫിലിപ്പൈന്‍ പോരാട്ട സംഘത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഒപ്പം വിയറ്റ്‌നാമിലും നടന്ന യുദ്ധങ്ങളില്‍ പങ്കെടുത്തു. ഫിലിപ്പൈന്‍ സൈന്യത്തിലെ രണ്ടാം ലെഫ്റ്റനന്റ് മുതല്‍ കമാന്‍ഡര്‍-ഇന്‍-ചീഫ് വരെയുള്ള എല്ലാ റാങ്കുകളും റാമോസിന് ലഭിച്ചിരുന്നു.

ഏകാധിപതിയായിരുന്ന ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസിന്റെ ഭരണകാലത്ത് ഫിലിപ്പീന്‍സ് സായുധ സേനയുടെ വൈസ് ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ഫിദല്‍ വി റാമോസ്. എന്നാല്‍ 1986 ലെ പീപ്പിള്‍ പവര്‍ വിപ്ലവത്തിന്റെ സമയം പ്രസിഡന്റ് മാര്‍ക്കോസിന്റെ ഭരണത്തില്‍ നിന്നും വിട്ടുപിരിഞ്ഞ് കൊറസോണ്‍ അക്വിനോയുടെ പുതിയ സര്‍ക്കാരിന് പിന്തുണ നല്‍കിയതോടെ റാമോസ് ജനപ്രിയനായി മാറി. ഇതോടെ വലിയ ഒരു ജനവിഭാഗം അദ്ദേഹത്തെ നായകനായി ഉയര്‍ത്തികൊണ്ടു വരികയായിരുന്നു. പിന്നീട് അക്വിനോയുടെ പിന്‍ഗാമിയായി അദ്ദേഹം ഫിലിപ്പീന്‍സിന്റെ 12-ാമത് പ്രസിഡന്റായി അധികാരമേറ്റു.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് പ്രസിഡന്റ് കൊറസോണ്‍ അക്വിനോയുടെ കാബിനറ്റില്‍ സേവനമനുഷ്ഠിച്ചു. ഫിലിപ്പീന്‍സിലെ
സായുധ സേനയുടെ ചീഫ്-ഓഫ് സ്റ്റാഫ് ആയും, 1986 മുതല്‍ 1991 വരെ ദേശീയ പ്രതിരോധ സെക്രട്ടറിയായും റാമോസ് പ്രവര്‍ത്തിച്ചു. ഫിലിപ്പൈന്‍ ആര്‍മിയുടെ പ്രത്യേക സേനയുടെയും ഫിലിപ്പൈന്‍ നാഷണല്‍ പോലീസ് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിന്റേയും ബഹുമതി അദ്ദേഹത്തിനുണ്ട്.

ഫിദല്‍ വി റാമോസിന്റെ വിയോഗത്തില്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ ദുഖം രേഖപ്പെടുത്തി. ”ഈ ദുഃഖകരമായ ദിനത്തില്‍ ഞങ്ങളുടെ കുടുംബം ഫിലിപ്പിനോ ജനതയുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഞങ്ങള്‍ക്ക് ഒരു നല്ല നേതാവിനെ മാത്രമല്ല കുടുംബത്തിലെ ഒരു അംഗത്തെ കൂടിയാണ് നഷ്ടമായത്”എന്ന് മാര്‍ക്കോസ് ജൂനിയര്‍ പറഞ്ഞു. റാമോസിന്റെ പ്രസിഡന്റ് പദവിയുടെ പൈതൃകം എപ്പോഴും വിലമതിക്കപ്പെടുമെന്നും ജനങ്ങള്‍ അദ്ദേഹത്തോട് നന്ദിയുള്ളവരായിരിക്കുമെന്നും മാര്‍ക്കോസ് ജൂനിയര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

Latest News