37 വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ഒരു മലയാള ഗാനം ഇന്ന് വീണ്ടും പ്രേഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്റേതായി പുതുതായി റിലീസിന് തയ്യാറെടുക്കുന്ന ”ന്നാ താന്‍ കേസ് കൊട്” എന്ന ചിത്രത്തിലാണ് 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ”ദേവദൂതര്‍ പാടി” എന്ന ഗാനം വീണ്ടും പുനരാവിഷ്‌കരിച്ചത്.
1985 ല്‍ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന സിനിമയിലെ ഗാനമാണിത്. മമ്മൂട്ടി പ്രധാന കഥപാത്രത്തെ അവതരിപ്പിച്ച സിനിമയ്ക്ക് വേണ്ടി ഔസേപ്പച്ചന്‍ ആണ് സംഗീതം നിര്‍വഹിച്ചത്. ഒഎന്‍വി കുറുപ്പിന്റെ വരികള്‍, ഔസേപ്പച്ചന്റെ സംഗീതം, എന്നിവയില്‍ യേശുദാസ്, കൃഷ്ണചന്ദ്രന്‍, ലതിക, രാധിക എന്നിവരുടെ ആലാപനവും കൂടെ ചേര്‍ന്നപ്പോള്‍ മലയാളികള്‍ക്ക് മറക്കാന്‍ പറ്റാത്ത ഒരു സംഗീത അനുഭവമായിരുന്നു ഒരുങ്ങിയത്.
നാലു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഹിറ്റ് ലിസ്റ്റില്‍ ഒന്നാമത് നിന്നിരുന്ന ഗാനം നാലു പതിറ്റാണ്ടുകള്‍ക്കിപ്പറവും ഒന്നാമത് തന്നെ എത്തിയിരിക്കുകയാണ്. രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ”ന്നാ താന്‍ കേസ് കൊട്” എന്ന ചിത്രത്തിലാണ് ഈ ഗാനം പുനരാവിഷ്‌കരിച്ചിരിക്കുന്നത്.
ഗാനത്തിന്റെ മേന്മ ഒട്ടും നഷ്ടപ്പെടാതെ തന്നെ ജാക്ക്‌സണ്‍ അരൂജയ്ക്ക് ഗാനം പുനക്രമീകരിക്കാന്‍ സാധിച്ചു. ബിജു നാരായണന്റെ ആലാപനവും കുഞ്ചാക്കോ ബോബന്റെ ഹാസ്യം നിറഞ്ഞ നൃത്ത ചുവടുകള്‍ കൂടെയായപ്പോള്‍ പ്രേക്ഷകന് പുതിയ ഒരു ദൃശ്യവിരുന്നാണ് ചിത്രം ഒരുക്കിയത്.
ആറു ദിവസങ്ങള്‍ക്കു മുന്‍പ് യൂട്യൂബിലൂടെ റിലീസ് ആയ ഗാനം ഇതുവരെ 85 ലക്ഷത്തോളം ആള്‍ക്കാരാണ് കണ്ടത്. ആറ് ദിവസമായി യൂട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് ഈ ഗാനം.
ഗാനത്തിന്റെ ദൃശ്യാവിഷ്‌കരണത്തില്‍ ഏറ്റവും എടുത്തുപറയേണ്ടത് കുഞ്ചാക്കോ ബോബന്റെ രസകരമായ നൃത്തച്ചുവടുകളും രാകേഷ് ഹരിദാസിന്റെ ക്യാമറയുമാണ്. മൂന്നു മിനിറ്റ് മാത്രമുള്ള ഗാനത്തിന്റെ ദൃശ്യങ്ങളിലൂടെ തനിക്ക് റിയലിസ്റ്റിക് കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് കുഞ്ചാക്കോ ബോബന്‍ തെളിയിക്കുകയാണ്. ചോക്ലേറ്റ് ബോയ് കഥാപാത്രങ്ങളാല്‍ ഒരുപാട് കളിയാക്കലുകള്‍ നേരിടേണ്ടി വന്നിട്ടുള്ള കുഞ്ചാക്കോ ബോബന്‍ തന്റെ രണ്ടാം വരവ് ഓരോ കഥാപാത്രങ്ങളിലൂടെയും ഗംഭീരമാക്കുകയാണ്.
ഓഗസ്റ്റ് 11ന് തിയേറ്ററുകളിലൂടെ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ഗാനവും ടീസറും പ്രേക്ഷകനു നല്‍കുന്ന പ്രതീക്ഷകള്‍ വളരെ വലുതാണ്. പ്രതീക്ഷകള്‍ക്കൊത്തു തന്നെ ചിത്രത്തിന് ഉയരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.
നിതിന്‍ തോമസ്