Monday, November 25, 2024

യുക്രെയ്നിലെ പ്രമുഖ വ്യവസായി, ഒലെക്സി വാടതുര്‍സ്‌കി റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു

യുക്രെയ്‌നിലെ ഏറ്റവും ധനികരായ ബിസിനസുകാരില്‍ ഒരാളായ ഒലെക്സി വാടതുര്‍സ്‌കിയും (74) ഭാര്യ റെയ്സയും തെക്കന്‍ നഗരമായ മൈക്കോലൈവിലുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു. രാത്രി ഇവരുടെ വീട്ടില്‍ മിസൈല്‍ പതിക്കുകയായിരുന്നു.

ധാന്യ കയറ്റുമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിബുലോണ്‍ എന്ന കമ്പനിയുടെ ഉടമസ്ഥനാണ് മിസ്റ്റര്‍ വടതുര്‍സ്‌കി. ധാന്യം കയറ്റുമതി ചെയ്യുന്നതിനായി നിരവധി സംഭരണസൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിബുലോണ്‍ യുക്രൈനില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ‘ഹീറോ ഓഫ് യുക്രെയ്ന്‍’ അവാര്‍ഡും ലഭിച്ചിട്ടുള്ള വ്യക്തിയാണ്.

വാടതുര്‍സ്‌കിയുടെ മരണം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ധാന്യ കയറ്റുമതി സംബന്ധിച്ച് യുക്രൈനും റഷ്യയും തമ്മില്‍ കരാര്‍ ഉണ്ടാക്കിയെങ്കിലും കയറ്റുമതി അനശ്ചിതത്വത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് ധാന്യ വ്യവസായിയുടെ മരണമെന്നത് ചില സംശയങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

കാര്‍ഷിക, കപ്പല്‍ നിര്‍മ്മാണ വ്യവസായത്തിന്റെ വികസനത്തിന് വാടതുര്‍സ്‌കിയുടെ സംഭാവന വിലമതിക്കാനാവാത്തതാണെന്ന് മേഖലയുടെ നേതാവ് വിറ്റാലി കിം പറഞ്ഞു. ഈ വ്യവസായിയെ റഷ്യ ബോധപൂര്‍വം ലക്ഷ്യം വച്ചതാണെന്ന് താന്‍ വിശ്വസിക്കുന്നതായി പ്രസിഡന്റ് സെലന്‍സ്‌കിയുടെ ഓഫീസിലെ ഒരു ഉപദേശകന്‍ പറഞ്ഞു.

നഗരത്തില്‍ ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും ശക്തമായ റഷ്യന്‍ ബോംബാക്രമണമാണിതെന്ന് മൈക്കോലൈവ് മേയര്‍ ഒലെക്സാണ്ടര്‍ സെന്‍കെവിച്ച് പറഞ്ഞു. ഒരു ഹോട്ടല്‍, സ്പോര്‍ട്സ് കോംപ്ലക്സ്, രണ്ട് സ്‌കൂളുകള്‍, ഒരു സര്‍വീസ് സ്റ്റേഷന്‍ എന്നിവയ്ക്കും നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

യുക്രെയ്‌നിലെ ഏറ്റവും വലിയ തുറമുഖമായ ഒഡെസയിലേക്കുള്ള പ്രധാന റൂട്ടിലാണ് മൈക്കോളൈവ്. ഫെബ്രുവരി 24 ന് റഷ്യ അതിന്റെ അധിനിവേശം ആരംഭിച്ചതുമുതല്‍ ആവര്‍ത്തിച്ച് ആക്രമിക്കപ്പെടുകയാണ് ഇവിടം.

വടക്ക് യുക്രെയ്‌നിലെ രണ്ടാമത്തെ നഗരമായ ഖാര്‍കിവില്‍ വീണ്ടും റഷ്യന്‍ മിസൈല്‍ ആക്രമണം ഉണ്ടായതായി മേയര്‍ ഇഹോര്‍ തെരെഖോവ് പറഞ്ഞു. മൂന്ന് റഷ്യന്‍ എസ്-300 മിസൈലുകള്‍ അവിടെയുള്ള ഒരു സ്‌കൂളില്‍ പതിക്കുകയും പ്രധാന കെട്ടിടം തകര്‍ക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

യുക്രേനിയന്‍ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഡൊണെറ്റ്സ്‌ക് മേഖലയുടെ ചില ഭാഗങ്ങളില്‍ ഇപ്പോഴും താമസിക്കുന്ന എല്ലാ സിവിലിയന്മാരോടും പലായനം ചെയ്യാന്‍ ശനിയാഴ്ച രാത്രി വൈകി നടത്തിയ പ്രസംഗത്തില്‍, യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു.

 

 

Latest News