Monday, November 25, 2024

അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതായി അമേരിക്ക; നിതീ നടപ്പായെന്ന് ജോ ബൈഡന്‍

അല്‍ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ (71) വധിച്ചതായി അമേരിക്ക. കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇയാളെ വധിച്ചെന്നാണ് അമേരിക്ക അറിയിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ് ടെലിവിഷനിലൂടെ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നീതി നടപ്പിലായെന്ന് പറഞ്ഞുകൊണ്ടാണ് ബൈഡന്‍ കാബൂളിലെ ഡ്രോണ്‍ ആക്രമണത്തെക്കുറിച്ച് അറിയിച്ചത്. ‘നീതി നടപ്പായി. ആ ഭീകര നേതാവ് ഇനിയില്ല’. ബൈഡന്‍ പറഞ്ഞു.

അമേരിക്കന്‍ പൗരന്മാര്‍, അമേരിക്കന്‍ സൈനികര്‍, അമേരിക്കന്‍ നയതന്ത്രജ്ഞര്‍, അമേരിക്കയുടെ താത്പര്യങ്ങള്‍ എന്നിവയ്ക്കെതിരായ അക്രമത്തിനുള്ള മറുപടിയായിരുന്നു ഡ്രോണ്‍ ആക്രമണമെന്ന് ബൈഡന്‍ പറഞ്ഞു. തങ്ങളുടെ പൗരന്മാര്‍ക്ക് ഭീഷണിയാകുന്നവര്‍ക്ക് എവിടെ ഒളിച്ചാലും മറുപടി നല്‍കുമെന്ന് തങ്ങള്‍ താക്കീത് നല്‍കിയിരുന്നെന്നും ജോ ബൈഡന്‍ അറിയിച്ചു.

11 വര്‍ഷം മുന്‍പ് ഒസാമ ബിന്‍ലാദനെ അമേരിക്ക വധിച്ച ശേഷം അയ്മന്‍ അല്‍ സവാഹിരിയായിരുന്നു അല്‍ഖ്വയ്ദ തലവന്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നും കണ്ടെത്തലുകളുണ്ട്. ബിന്‍ലാദന്റെ സ്വകാര്യ വൈദ്യനായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു രഹസ്യ താവളത്തില്‍ ഒളിച്ചുകഴിയുകയായിരുന്ന അയ്മന്‍ അല്‍ സവാഹിരിക്കുമേല്‍ ഡ്രോണില്‍ നിന്നുള്ള രണ്ട് മിസൈലുകള്‍ പതിച്ചെന്നാണ് അമേരിക്ക അറിയിച്ചത്.

ആക്രമണമുണ്ടായെന്ന് സ്ഥിരീകരിച്ച താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ്, ആക്രമണത്തെ അപലപിക്കുകയും ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

Latest News