ആറ് പതിറ്റാണ്ടുകൾക്ക് ശേഷം, കമ്മ്യൂണിസ്റ്റ് ഭരണകൂടം പീഡിപ്പിച്ച ആർച്ച്ബിഷപ്പ് ജോസഫ് കരേൽ മാറ്റോച്ചയ്ക്ക് നീതി ലഭിച്ചു. ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് മാറ്റോച്ചയെ നിയമവിരുദ്ധമായി തടവിലിട്ട നടപടിയെ ചെക്ക് റിപ്പബ്ലിക്കിലെ ഒലോമോക് ജില്ലാ കോടതി ഔദ്യോഗികമായി തിരുത്തുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
1948 – ൽ പയസ് പന്ത്രണ്ടാമൻ മാർപാപ്പയാണ് മാറ്റോച്ചയെ ഒലോമോക് ആർച്ച്ബിഷപ്പായി നിയമിച്ചത്. എന്നാൽ 1950 – ൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ ആർച്ച്ബിഷപ്പ് ഹൗസിൽ കടുത്ത സുരക്ഷാ നിരീക്ഷണത്തിൽ വീട്ടുതടങ്കലിലാക്കി. ഔദ്യോഗികമായി കുറ്റങ്ങളൊന്നും ചുമത്താതെയായിരുന്നു ഈ പീഡനം. പത്രങ്ങൾ വായിക്കാനോ റേഡിയോ കേൾക്കാനോ അദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നില്ല. കടുത്ത ഒറ്റപ്പെടലിനൊടുവിൽ കൃത്യമായ ചികിൽസ പോലും ലഭിക്കാതെ 1961 – ൽ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം അന്തരിച്ചത്.
വർഷങ്ങൾക്ക് ശേഷം കോടതിയിൽ നിന്നും ലഭിച്ച ഈ നീതിയിൽ നിലവിലെ ഒലോമോക് ആർച്ച്ബിഷപ്പ് ജോസഫ് നുസിക് സന്തോഷം പ്രകടിപ്പിച്ചു. അടിച്ചമർത്തലുകൾക്ക് മുന്നിൽ തലകുനിക്കാത്തവരുടെ ത്യാഗം സമൂഹം മറക്കില്ല എന്നതിന്റെ തെളിവാണ് ഈ വിധിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കും നൽകിയ സംഭാവനകൾ പരിഗണിച്ച് 1999 – ൽ മുൻ ചെക്ക് പ്രസിഡന്റ് വാക്ലാവ് ഹാവൽ, ആർച്ചുബിഷപ്പ് മാറ്റോച്ചയ്ക്ക് മരണാനന്തര ബഹുമതി നൽകിയിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് സമാനമായ പീഡനങ്ങൾ ഇരയായ കർദ്ദിനാൾ ജോസഫ് ബെരാൻ, ജോസഫ് ടൂഫർ എന്നീ പുരോഹിതന്മാരെയും അടുത്തിടെ ചെക്ക് കോടതികൾ കുറ്റവിമുക്തരാക്കിയിരുന്നു.

