Tuesday, June 16, 2026

ഇൻഡോനേഷ്യയിൽ റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം

ഇൻഡോനേഷ്യയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യു. എസ്. ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇൻഡോനേഷ്യൻ സമയം രാവിലെ പത്ത് മണിക്ക് ശേഷമാണ് ഭൂചലനം അനുഭവപ്പെട്ടത്. മധ്യ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ പാലു നഗരത്തിന് തെക്കുകിഴക്ക് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പാലു, സിഗി തുടങ്ങിയ പ്രദേശങ്ങളിൽ വളരെ ശക്തമായ കുലുക്കം അനുഭവപ്പെട്ടു. എന്നാൽ ഈ ഭൂചലനം മൂലം സുനാമി സാധ്യതയില്ലെന്ന് ഇൻഡോനേഷ്യയുടെ മെറ്റീരിയോളജി, ക്ലൈമറ്റോളജി ആൻഡ് ജിയോഫിസിക്സ് ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.

പസഫിക് സമുദ്രത്തിലെ ഭൂകമ്പ സാധ്യതയേറിയ ‘റിംഗ് ഓഫ് ഫയർ’ മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇൻഡോനേഷ്യയിൽ ഭൂചലനങ്ങൾ പതിവാണ്. മുൻപ് 2018-ൽ പാലു നഗരത്തിലുണ്ടായ 7.5 തീവ്രതയുള്ള ശക്തമായ ഭൂകമ്പത്തിലും തുടർന്നുവന്ന സുനാമിയിലും 2,200-ലധികം ആളുകൾ മരണപ്പെട്ടിരുന്നു. അതിനുശേഷമുണ്ടാകുന്ന ഈ വലിയ ഭൂചലനം പ്രദേശവാസികളിൽ വലിയ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News