അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ തായ്വാനിലേക്ക് യാത്ര ചെയ്യുന്നത് തടഞ്ഞതുകൊണ്ട് ചൈനയ്ക്ക് തായ്വാനെ ഒറ്റപ്പെടുത്താനാവില്ലെന്ന് യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി വെള്ളിയാഴ്ച പറഞ്ഞു. ‘ചൈനക്കാര്‍ തായ്വാനെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. അടുത്തിടെ ലോകാരോഗ്യ സംഘടനയില്‍ ചേരുന്നതില്‍ നിന്നുപോലും ചൈന തായ്വാനെ തടഞ്ഞു’. പെലോസി പറഞ്ഞു.
‘ഞങ്ങള്‍ തായ്വാന്‍ സന്ദര്‍ശിക്കുന്നതും മറ്റ് സ്ഥലങ്ങളില്‍ എത്തുന്നതും തടയാന്‍ കഴിഞ്ഞേക്കാം, പക്ഷേ ഞങ്ങളെ അവിടെയ്ക്ക് യാത്ര ചെയ്യുന്നത് തടഞ്ഞുകൊണ്ട് മാത്രം അവര്‍ക്ക് തായ്വാനെ ഒറ്റപ്പെടുത്താനാവില്ല’. അവര്‍ കൂട്ടിച്ചേര്‍ത്തു.
തായ്വാനിലേക്കുള്ള തന്റെ യാത്ര ദ്വീപിന്റെ നിലവിലെ സ്ഥിതി മാറ്റാനല്ലെന്നും തായ്വാന്‍ കടലിടുക്കില്‍ സമാധാനം നിലനിര്‍ത്താനാണെന്നും പെലോസി പറഞ്ഞു. വൈവിധ്യത്തിലെ പുരോഗതിയും സാങ്കേതികവിദ്യയിലും ബിസിനസ്സിലുമുള്ള വിജയവും ഉള്‍പ്പെടെ, കഠിനമായി പോരാടുന്ന തായ്വാനിലെ ജനാധിപത്യത്തെ അവര്‍ പ്രശംസിക്കുകയും ചൈനയുടെ വ്യാപാര കരാറുകളുടെ ലംഘനങ്ങളെയും ആയുധങ്ങളുടെ വ്യാപനത്തെയും മനുഷ്യാവകാശ പ്രശ്നങ്ങളെയും വിമര്‍ശിക്കുകയും ചെയ്തു.
സ്വയംഭരണ ദ്വീപിലും മറ്റിടങ്ങളിലും ജനാധിപത്യത്തോടുള്ള യുഎസിന്റെ പ്രതിബദ്ധതയാണ് താന്‍ പ്രകടിപ്പിച്ചതെന്നും 25 വര്‍ഷത്തിന് ശേഷം തായ്വാന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഹൗസ് സ്പീക്കറായ പെലോസി ബുധനാഴ്ച തായ്പേയില്‍ പറഞ്ഞു.
സിംഗപ്പൂര്‍, മലേഷ്യ, തായ്വാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം പെലോസിയും മറ്റ് അഞ്ച് കോണ്‍ഗ്രസ് അംഗങ്ങളും വ്യാഴാഴ്ച വൈകിയാണ് ടോക്കിയോയിലെത്തിയത്.
പെലോസിയുടെ താ.്‌വാന്‍ സന്ദര്‍ശനത്തില്‍ പ്രകോപിതരായി ചൈന തായ്വാനില്‍ നടത്തുന്ന സൈനികാഭ്യാസം പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് വെള്ളിയാഴ്ച രാവിലെ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു.