ഗാസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ച് വയസുകാരി ഉള്‍പ്പടെ ഏഴ് പലസ്തീനികള്‍ കൊല്ലപ്പെട്ടു. പ്രതിരോധ സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ കമാണ്ടറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ നാല്‍പ്പതിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
എന്നാല്‍ 15 ലേറെ തീവ്രവാദികളെ വധിച്ചു എന്ന് സൈന്യം വ്യക്തമാക്കി. യുദ്ധം ഏറെ കാലം നീണ്ടു നില്ക്കും എന്ന മുന്നറിയിപ്പ് കൂടി ഇസ്രയേല്‍ സേന പലസ്തീന് ഇതിനോടകം നല്‍കിയിട്ടുണ്ട്. ഇനി ഇസ്രയേലുമായി ഒരു അനുരഞ്ജനത്തിനും തയ്യാറല്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഹമാസുള്‍പ്പടെയുള്ള സംഘടനകള്‍ വ്യക്തമാക്കി.
ഈയാഴ്ച ആദ്യം പലസ്തീന് തീവ്രവാദിയുടെ അറസ്റ്റിനെത്തുടര്‍ന്ന് വെസ്റ്റ്ബാങ്കില്‍ സംഘര്‍ഷം തുടരുകയാണ്. തീവ്രവാദ ക്യാമ്പ് ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേല്‍ പറഞ്ഞു.
ടെല്‍ അവീവും ഇസ്രയേല്‍ നഗരങ്ങളും റോക്കറ്റ് ആക്രമണത്തില്‍ തകര്‍ക്കുമെന്നും ഭീകര സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷം രൂക്ഷമായേക്കുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. യുക്രെയ്ന് റഷ്യ യുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റൊരു സംഘര്‍ഷം ആരംഭിക്കുന്നതിനെ ആശങ്കയോടെയാണ് ലോകരാജ്യങ്ങള്‍ കാണുന്നത്. തായ്വാന് വിഷയത്തില്‍ ചൈനയും അമേരിക്കയും ഇടഞ്ഞതും ആശങ്കപ്പെടുത്തുന്നുണ്ട്.