Tuesday, November 26, 2024

പ്രകോപനം തുടര്‍ന്ന് ചൈന; തിരിച്ചടിച്ച് തായ്‌വാന്‍; അതിര്‍ത്തി മേഖലയില്‍ യുദ്ധഭീതി

ചൈനയുടെ സൈനികാഭ്യാസ ഭീഷണി രണ്ടാം ദിവസവും തുടര്‍ന്നതോടെ അതിര്‍ത്തിയില്‍ മിസൈല്‍ സംവിധാനങ്ങള്‍ വിന്യസിച്ച് തായ്വാന്‍ സൈന്യം. ചൈനയുടെ പ്രകോപനങ്ങളോട് അതേ ഗൗരവത്തോടെ തായ്വാനും പ്രതികരിച്ചതോടെ കനത്ത യുദ്ധഭീതിയിലാണ് തായ്വാന്‍ കടലിടുക്ക്.

ചൈനയുടെ കപ്പലുകളും വിമാനങ്ങളും തായ്വാന്‍ കടലിടുക്കിലെ മീഡിയന്‍ ലൈന്‍ അതിക്രമിച്ചു കടന്ന സാഹചര്യത്തില്‍ അതിര്‍ത്തിയിലേക്ക് തങ്ങളുടെ പടക്കപ്പലുകളും പോര്‍വിമാനങ്ങളും സര്‍ഫസ് റ്റു എയര്‍ വിമാനവേധ മിസൈലുകളും വിന്യസിച്ചു കഴിഞ്ഞു എന്ന് തായ്വാന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു. യുദ്ധമുണ്ടായാല്‍ അതിനെ നേരിടാന്‍ സജ്ജമാണ് എങ്കിലും സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നും തായ്വാന്‍ പ്രതികരിച്ചിട്ടുണ്ട്.

അതേസമയം ചൈനയുടെ ഈ സൈനിക അഭ്യാസങ്ങള്‍ അങ്ങേയറ്റം പ്രകോപനപരമാണ് എന്നും ഇത്തരത്തിലുള്ള നിരുത്തരവാദിത്തപരമായ നടപടികള്‍ മേഖലയിലെ ശാന്തിക്ക് ഭംഗം വരുത്തുമെന്നും അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. തായ്വാനെ ഒരുതരത്തിലും ഒറ്റപ്പെടുത്താന്‍ അമേരിക്ക അനുവദിക്കില്ല എന്ന് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും അറിയിച്ചു.

ചൈനയ്ക്ക് എതിര്‍പ്പുണ്ടായിരുന്നിട്ടും തായ്വാന്‍ സന്ദര്‍ശനവുമായി യുസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി മുന്നോട്ട് പോയതിനു പിന്നാലെയാണ് ബാലിസ്റ്റിക് മിസൈലുകള്‍ അടക്കം തൊടുത്തുവിട്ടുകൊണ്ടുള്ള സൈനികാഭ്യാസങ്ങള്‍ ചൈനയുടെ ഭാഗത്തു നിന്ന് ഉണ്ടായതും, മേഖല യുദ്ധഭീതിയിലേക്ക് വഴുതി വീണതും.

 

 

Latest News