Tuesday, November 26, 2024

മനുഷ്യാവകാശത്തിന്റെ മറവില്‍ അഫ്ഗാന്‍ സ്ത്രീകളുടെ അന്തസ്സ് ലംഘിക്കാന്‍ അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നതായി താലിബാന്‍

മനുഷ്യാവകാശത്തിന്റെ മറവില്‍ അഫ്ഗാന്‍ സ്ത്രീകളുടെ അന്തസ്സ് ലംഘിക്കാനാണ് അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നതെന്ന് താലിബാന്‍. അന്താരാഷ്ട്ര സമൂഹമാണ് അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ മനുഷ്യാവകാശ ലംഘനം നടത്തിയതെന്നും താലിബാന്‍ ആരോപിച്ചു.

വടക്കന്‍ പ്രവിശ്യയായ ഫരിയാബില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവെ സദാചാര വകുപ്പിന്റെ ചുമതലയുള്ള മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫിയാണ് ഇക്കാര്യം പറഞ്ഞതെന്ന് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നമ്മുടെ സഹോദരിമാരുടെ അന്തസ്സ് ലംഘിക്കാനും അവരെ മോശമാക്കാനുമാണ് ആ?ഗോള സമൂഹം ആഗ്രഹിക്കുന്നത്. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരു കസേരയില്‍ ഇരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ആഗ്രഹിക്കുന്നു. ഇത് ഏത് തരത്തിലുള്ള അവകാശമാണ്. നമ്മുടെ രാജ്യമോ നമ്മുടെ വിശ്വാസങ്ങളോ മതമോ ഇതിനെ പിന്തുണയ്ക്കുന്നില്ല- താലിബാന്‍ മന്ത്രി പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കിയതിനുശേഷം അവിടുത്തെ സ്ത്രീകളുടെ സാമൂഹികാവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് അഫ്ഗാനിലെ യുഎന്‍ അസിസ്റ്റന്‍സ് മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് താലിബാന്റെ പ്രതികരണം.

താലിബാന്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം, ജോലി എന്നിവക്ക് പൂര്‍ണമായി സ്വാതന്ത്ര്യമുണ്ടായിരുന്നെന്നും താലിബാന്‍ അധികാരത്തിലേറിയതിന് ശേഷം സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.

 

Latest News