Tuesday, November 26, 2024

നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രസിദ്ധീകരിച്ചു

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചു. ഭക്ഷണവസ്തുക്കള്‍ പാക്ക് ചെയ്തു നല്‍കുന്ന പ്ലാസ്റ്റിക് കണ്ടെയ്‌നറുകളും പലചരക്കു സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന 50 മൈക്രോണിനു മുകളിലുള്ള കവറുകളും ഉപയോഗിക്കാന്‍ അനുമതിയുണ്ട്.

ജൂലൈ 1 നാണ് ഒറ്റത്തവണ ഉപയോഗിക്കുന്നതും 50 മൈക്രോണില്‍ താഴെയുള്ളതുമായ പ്ലാസ്റ്റിക് നിരോധിച്ച കേന്ദ്ര തീരുമാനം പ്രാബല്യത്തില്‍ വന്നത്. നിരോധനം നിലവില്‍ വന്നപ്പോള്‍ മുതല്‍ തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ചു പല മാനദണ്ഡ പ്രകാരം പിഴ ചുമത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഓള്‍ കേരള ഡിസ്‌പോസബിള്‍ ഡീലേഴ്‌സ് അസോസിയേഷനാണു ബോര്‍ഡിനെ സമീപിച്ചത്.

ബോര്‍ഡിന്റെ പട്ടിക പ്രകാരം താഴെ പറഞ്ഞവയാണ് നിരോധിച്ച പ്ലാസ്റ്റിക്കുകള്‍:-

പ്ലാസ്റ്റിക് ഷോപ്പിങ് ബാഗ്, പ്ലാസ്റ്റിക് ക്യാരിബാഗ്, പ്ലാസ്റ്റിക് അല്ലെങ്കില്‍ പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ ഗ്ലാസ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ പ്ലേറ്റ്, പ്ലാസ്റ്റിക് സ്‌ട്രോ, പ്ലാസ്റ്റിക് പൊതിഞ്ഞ പേപ്പര്‍ ഇല, പ്ലാസ്റ്റിക് സ്പൂണ്‍, തെര്‍മോക്കോള്‍, സ്റ്റിറോഫോം എന്നിവ ഉപയോഗിച്ചു നിര്‍മിച്ച പ്ലേറ്റ്, കപ്പ്, അലങ്കാര വസ്തുക്കള്‍ എന്നിവയും പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ് (ആശുപത്രി ആവശ്യത്തിന് ഉപയോഗിക്കാം).

കാന്‍ഡി സ്റ്റിക്, പ്ലാസ്റ്റിക് സ്റ്റിക് ഉള്ള ഇയര്‍ ബഡ്, പ്ലാസ്റ്റിക് സ്റ്റിക് ഉള്ള ബലൂണ്‍, പ്ലാസ്റ്റിക് പൊതിഞ്ഞ ക്ഷണക്കത്ത്, സിഗരറ്റ് പാക്കറ്റ്, സ്വീറ്റ് ബോക്‌സ്, 500 മില്ലിലീറ്ററില്‍ താഴെ കുടിവെള്ളം പാക്ക് ചെയ്ത കുപ്പി, ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, പിവിസി ഫ്‌ലെക്‌സ് വസ്തുക്കള്‍, പ്ലാസ്റ്റിക് ആവരണമുള്ള തുണിത്തരം എന്നിവയാണ് നിരോധിച്ച പ്ലാസ്റ്റിക്കുകള്‍.

പകരം പട്ടികയില്‍ നിര്‍ദ്ദേശിക്കുന്നവ -വളമാക്കി മാറ്റാവുന്ന ക്യാരി ബാഗ്, തുണി ബാഗ്, പേപ്പര്‍ ബാഗ് പോളി ലാക്റ്റിക് ആസിഡ് (പിഎല്‍എ) ആവരണമുള്ള പേപ്പര്‍ കപ്പ് പേപ്പര്‍ പ്ലേറ്റ്, പേപ്പര്‍ സ്‌ട്രോ, തടി സ്പൂണ്‍, സ്റ്റീല്‍ സ്പൂണ്‍, വളമാക്കാവുന്ന ഗാര്‍ബേജ് ബാഗ്, പലചരക്ക്, പലഹാരം എന്നിവ പാക്ക് ചെയ്യുന്ന 50 മൈക്രോണിനു മുകളിലുള്ള കവര്‍.

 

Latest News