Monday, November 25, 2024

‘പഠനം തുടരാന്‍ പണമില്ല, ജോലി ചെയ്ത് പഠിച്ചു; ഐഎഎസ് പരീക്ഷയില്‍ മൂന്നു തവണ തോല്‍വി’; വൈറലായി ആലപ്പുഴ കളക്ടര്‍ കൃഷ്ണ തേജയുടെ പ്രസംഗം

ആലപ്പുഴ കളക്ടറയി നിയമിതനായതിന് ശേഷം എല്ലാവരുടെയും മനം കവര്‍ന്ന വ്യക്തിയാണ് കൃഷ്ണ തേജ. ചുമതല ഏറ്റെടുത്ത ദിവസം തന്നെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കനത്ത മഴ കാരണം അവധി പ്രഖ്യാപിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവെച്ച പോസ്റ്റ് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

അതിന് അടുത്ത ദിവസവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് കുട്ടികള്‍ക്കായി പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം തന്നെ സ്വയം ‘കളക്ടര്‍ മാമന്‍’ എന്നാണ് വിശേഷിപ്പിച്ചത്. ഈ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

എന്നാലിപ്പോള്‍ കൃഷ്ണ തേജ മുമ്പ് നടത്തിയ ഒരു പ്രസംഗമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സാമ്പത്തിക പ്രയാസത്തിനിടെ പഠനത്തിനൊപ്പം ജോലിയും ചെയ്യേണ്ടിവന്ന തന്റെ പഠനകാലത്തെക്കുറിച്ചും ഐ.എ.എസ് പാസാകാന്‍ വേണ്ടിവന്ന ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നു. ആലപ്പുഴ പൂങ്കാവിലെ മേരി ഇമ്മാക്കുലേറ്റ് സ്‌കൂളില്‍ നടന്ന പരിപാടിയിലാണ് ക്ലാസിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

വി ആര്‍ കൃഷ്ണതേജയുടെ വാക്കുകള്‍

വിദ്യാഭ്യാസത്തിന്റെ വില എന്താണെന്ന് എനിക്ക് നന്നായി അറിയാം. ഏഴാം ക്ലാസ് വരെ ഒരു ശരാശരി വിദ്യാര്‍ഥിയായിരുന്നു ഞാന്‍. എട്ടാം ക്ലാസിലേക്ക് കടന്നപ്പോള്‍ വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായി. അതോടെ പഠനം നിര്‍ത്തി ഏതെങ്കിലും ജോലിക്ക് പോകണമെന്നും അത് കുടുംബത്തിന് സഹായകമാകുമെന്നും ബന്ധുക്കള്‍ പറഞ്ഞു. പക്ഷേ, അച്ഛനും അമ്മയ്ക്കും എന്റെ വിദ്യാഭ്യാസം നിര്‍ത്താന്‍ താല്‍പര്യം ഇല്ലായിരുന്നു.

വിദ്യാഭ്യാസം തുടരണമെന്നും അതിന് വേണ്ടി എത്ര പണം വേണമെങ്കിലും സഹായിക്കാമെന്നും ഒരു അയല്‍ക്കാരന്‍ പറഞ്ഞു. എന്നാല്‍ ഒരാളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ എന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു. തുടര്‍ന്ന് അമ്മ പറഞ്ഞതനുസരിച്ച് സ്‌കൂള്‍ വിട്ടുവന്നശേഷം വൈകുന്നേരം ആറ് മണിമുതല്‍ രാത്രി ഒമ്പത് മണിവരെ ഒരു മരുന്നുകടയില്‍ ജോലിക്ക് പോകാന്‍ തുടങ്ങി. എല്ലാ മാസവും അവിടെനിന്ന് കിട്ടുന്ന ശമ്പളത്തിലാണ് എട്ടും ഒന്‍പതും പത്തും ക്ലാസുകളില്‍ പഠിച്ചത്.

വിദ്യാഭ്യാസം എത്ര പ്രധാനമാണെന്ന് അപ്പോള്‍ ഞാന്‍ മനസിലാക്കി. അന്നു മുതല്‍ നന്നായി പഠിക്കാന്‍ ആരംഭിച്ചു. പത്താം ക്ലാസിലും ഇന്റര്‍മീഡിയറ്റിനും ടോപ്പറായി. എഞ്ചിനീയറിങ് സ്വര്‍ണ മെഡല്‍ ജേതാവായി. എഞ്ചിനീയറിങ് പഠനശേഷം എനിക്ക് ഐ.ബി.എമ്മില്‍ ജോലി ലഭിച്ചു. ഡല്‍ഹിയില്‍ ജോലിചെയ്യുന്ന സമയത്ത് ഒപ്പം താമസിക്കുന്നയാള്‍ക്കാണ് ഐ.എ.എസ്. എടുക്കണമെന്ന് താല്പര്യമുണ്ടായിരുന്നത്.

എനിക്ക് ഐ.എ.എസ്. എന്താണെന്നൊന്നും അറിയില്ലായിരുന്നു. താമസിക്കുന്ന സ്ഥലത്തുനിന്ന് ഐ.എ.എസ്. പരിശീലന സ്ഥാപനത്തിലേക്ക് 30 കിലോമീറ്റര്‍ ദൂരമുണ്ട്. അദ്ദേഹത്തിന് എല്ലാ ദിവസവും പോയിവരാന്‍ ഒരു കൂട്ട് വേണം. തുടര്‍ന്ന് ഐ.എ.എസ്. പരിശീലനത്തിന് എന്നെ നിര്‍ബന്ധിച്ച് ചേര്‍ത്തു.

പഠിക്കാന്‍ ആരംഭിച്ചപ്പോള്‍ എനിക്ക് മനസിലായി ഐ.എ.എസ്. എന്നത് കേവലം ജോലിയല്ല, ഒരു സേവനമാണെന്ന്. ആദ്യത്തെ അവസരത്തില്‍ ഞാന്‍ തോറ്റു. അതോടെ ജോലി ചെയ്തുകൊണ്ട് പഠിക്കാന്‍ സാധിക്കില്ലെന്ന് മനസിലായി. ആദ്യത്തെ തോലവിയോടെ ജോലി ഉപേക്ഷിച്ച് പഠിക്കാന്‍ ആരംഭിച്ചു. 15 മണിക്കൂറോളം കഷ്ടപ്പെട്ട് പഠിച്ചു. പക്ഷേ, രണ്ടാമതും മൂന്നാമതും പരീക്ഷയില്‍ പരാജയപ്പെട്ടു.

പത്താംക്ലാസിലും ഇന്റര്‍മീഡിയറ്റിലും എഞ്ചിനീയറിങ്ങിലും ഞാനായിരുന്നു സംസ്ഥാനത്ത് ഒന്നാമത്. പക്ഷേ, മൂന്ന് പ്രാവശ്യവും ഐ.എ.എസില്‍ പരാജയപ്പെട്ടു. ആത്മവിശ്വാസം നഷ്ടപ്പെട്ട് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോകാന്‍ തീരുമാനിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് തോറ്റുപോയതെന്ന് 30 ദിവസത്തോളം ആലോചിച്ചിട്ടും ഉത്തരം ലഭിച്ചില്ല.

ജോലിക്ക് തിരികെ ചേരുന്നത് അറിഞ്ഞ് ചില ശത്രുക്കള്‍ എന്നെ വന്നു കണ്ടു. അവരോടും എന്തുകൊണ്ട് എനിക്ക് ഐഎഎസ് കിട്ടാത്തതെന്ന് ചോദിച്ചു. അവര്‍ മൂന്നു കാരണങ്ങള്‍ പറഞ്ഞു. എഴുത്ത് പരീക്ഷയില്‍ 2000 മാര്‍ക്ക് എങ്കിലും കിട്ടണം. നിന്റെ കയ്യക്ഷരം വളരെ മോശമാണ്. പോയിന്റു മാത്രം എഴുതിയാല്‍ മാര്‍ക്ക് കിട്ടില്ല. പാരഗ്രാഫ് ആയി ഉത്തരം എഴുതണം. നീ നേരേ വാ നേരേ പോ എന്ന രീതിയില്‍ ഉത്തരം എഴുതി. പക്ഷേ, വളരെ ഡിപ്ലോമാറ്റിക് ആയി ഉത്തരം എഴുതണം.

ഈ മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തിരിച്ചുപോയി. അപ്പോള്‍; എനിക്ക് ഒരു കാര്യം മനസിലായി. നിങ്ങള്‍ക്ക് നിങ്ങളുടെ നല്ല വശങ്ങളെക്കുറിച്ച് അറിയണമെങ്കില്‍ സുഹൃത്തുക്കളോട് ചോദിക്കണം. ചീത്ത വശങ്ങളേക്കുറിച്ച് അറിയണമെങ്കില്‍ ശത്രുക്കളോട് ചോദിക്കുക. തുടര്‍ന്ന് കൈയക്ഷരം നന്നാക്കാന്‍ ഞാന്‍ പരിശ്രമം ആരംഭിച്ചു. നന്നായി എഴുതാനും ഉത്തരങ്ങള്‍ മനോഹരമാക്കാനും പഠിച്ചു. ഒടുവില്‍ എന്റെ മൂന്ന് പോരായ്മകള്‍ പരിഹരിച്ച് പരീക്ഷ എഴുതി. പ്രിലിമിനറി പാസായി, മെയിന്‍ പാസായി, ഇന്റര്‍വ്യൂ പാസായി. 66-ാം റാങ്ക് കരസ്ഥമാക്കി ഐഎഎസ് നേടി.

 

Latest News