സാമൂഹിക മാധ്യമങ്ങള്‍ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടോ എന്നറിയാന്‍ ത്രൈമാസ പരിശോധന നടത്താനൊരുങ്ങി ഐ.ടി. മന്ത്രാലയം. മൂന്നുമാസം കൂടുമ്പോള്‍ മന്ത്രാലയം കമ്പനികളെ ഓഡിറ്റ് ചെയ്യും. ഉള്ളടക്കം സംബന്ധിച്ച ഉപയോക്താക്കളുടെ പരാതികളില്‍ സ്വീകരിച്ച നടപടികളാണ് കണക്കിലെടുക്കുക. പരാതികള്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടോ, സമയബന്ധിതമായി പരിഹാരം കാണുന്നുണ്ടോ എന്നും പരിശോധിക്കും.
ഐ.ടി. നിയമപ്രകാരം ഓരോമാസവും സാമൂഹികമാധ്യമങ്ങള്‍ നിയമം പാലിക്കാന്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് പുറത്തിറക്കുന്നുണ്ട്. ജൂണില്‍ പുറത്തിറക്കിയ ഐ.ടി നിയമത്തിന്റെ കരടുഭേദഗതിയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നിര്‍ദേശിച്ചിരുന്നു. പരാതിപരിഹാര സംവിധാനം ഫലപ്രദമാക്കാന്‍ അപ്പീല്‍ അതോറിറ്റിയെ നിയമിക്കാനാണ് നീക്കം. ഉള്ളടക്കവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് കമ്പനികള്‍ പരിഹാരം കാണുന്നില്ലെങ്കില്‍ അപ്പീല്‍ നല്‍കാം.
അതേസമയം, കേന്ദ്രനിയന്ത്രണത്തിലുള്ള സമിതിയുടെ തീരുമാനങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരായേക്കുമെന്ന് വിമര്‍ശനമുണ്ട്. എന്നാല്‍, അതോറിറ്റിയില്‍ കൂടുതലും സ്വതന്ത്ര അംഗങ്ങളായിരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കരടുഭേദഗതി വൈകാതെ നിയമമായി കൊണ്ടുവന്നേക്കും.