യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് പിന്നാലെ ചൈന ആരംഭിച്ച സൈനിക പരിശീലനം അവസാനിപ്പിച്ചത് ദ്വീപ് ആക്രമണത്തിന്റെ മോക് ഡ്രില്ലുമായി. തായ്‌വാനെ വേണ്ടി വന്നാല്‍ ആക്രമിക്കുമെന്ന മുന്നറിയിപ്പ് കൂടിയാണ് ചൈന ഇതിലൂടെ നല്‍കിയിരിക്കുന്നത്.
പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ ഈസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് എയര്‍ഫോഴ്സ് വിഭാഗം വിവിധ തരത്തിലുളള യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചുളള ആക്രമണങ്ങള്‍ പരിശീലിച്ചതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദീര്‍ഘദൂര വ്യോമാക്രമണവും ഇതില്‍ ഉള്‍പ്പെടും. നൂറിലധികം യുദ്ധ വിമാനങ്ങള്‍ക്ക് പുറമേ യുദ്ധക്കപ്പലുകളും ബാലിസ്റ്റിക് മിസൈലുകളും ചൈന വിന്യസിച്ചിരുന്നു. തായ്വാനിലേക്ക് അധിനിവേശം നടത്തേണ്ടി വന്നാല്‍ ഏതൊക്കെ രീതിയില്‍ പ്രവര്‍ത്തിക്കാമെന്നായിരുന്നു പ്രധാനമായും നാല് ദിവസത്തെ സൈനിക അഭ്യാസത്തില്‍ പരീക്ഷിച്ചത്.
ഞായറാഴ്ചയായിരുന്നു ദ്വീപ് രാഷ്ട്രത്തെ ആക്രമിക്കുന്നതിനുളള മോക്ഡ്രില്‍ നടത്തിയത്. കടല്‍മാര്‍ഗവും ആകാശമാര്‍ഗവുമുളള ആക്രമണ രീതിയാണ് മോക് ഡ്രില്ലില്‍ പരീക്ഷിക്കപ്പെട്ടത്. ഡ്രോണുകളും അഭ്യാസത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചൈനയ്ക്ക് മറുപടിയായി തായ് വാനും സൈനിക അഭ്യാസ പ്രകടനം നടത്തിയിരുന്നു. മഞ്ഞക്കടലില്‍ ഓഗസ്റ്റ് 15 വരെ സൈനിക അഭ്യാസം നടത്തുമെന്നും ബീജിങ് വ്യക്തമാക്കിയിട്ടുണ്ട്. ചൈനയ്ക്കും കൊറിയന്‍ തുരുത്തിനും ഇടയിലുളള സ്ഥലത്താണ് അഭ്യാസം നടത്തുക.