ഗാസയിലെ അഭയാര്‍ഥി ക്യാംപിലേക്കടക്കം ഇസ്രയേല്‍ ആക്രമണം തുടരുന്നു. വ്യോമാക്രമണത്തില്‍ പലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ പ്രധാന നേതാവടക്കം ഏഴു പേര്‍ കൊല്ലപ്പെട്ടു. മുതിര്‍ന്ന ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍ ഖാലിദ് മന്‍സൂറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച മുതലുള്ള ആക്രമണത്തില്‍ ഇതോടെ കൊല്ലപ്പെട്ടവര്‍ 31 ആയി. ഇതില്‍ ആറുകുട്ടികളും നാല് സ്ത്രീകളുമാണ്.
ഇസ്രയേല്‍ ആക്രമണത്തില്‍ ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയുടെ ഭരണച്ചുമതലയുള്ള ഹമാസ് സംഘര്‍ഷത്തില്‍ ഇടപെടാതെ മാറിനില്‍ക്കുകയാണ്. ഇറാന്‍ പിന്തുണയുള്ള ഇസ്ലാമിക് ജിഹാദിന്റെ ആയുധ കേന്ദ്രങ്ങളെയാണ് ആക്രമിക്കുന്നതെന്ന് ഇസ്രയേല്‍ അറിയിച്ചു.
2021 മേയില്‍ ഇരുനൂറോളം പലസ്തീന്‍കാരുടെ ജീവനപഹരിച്ച 11 ദിവസത്തെ സംഘര്‍ഷത്തിനുശേഷമുണ്ടായ വലിയ ആക്രമണമാണിത്. ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി യായ്ര്‍ ലാപ്പിഡ് അറിയിച്ചു. ഞായറാഴ്ച പലസ്തീന്‍ ജറുസലേമിലേക്ക് റോക്കറ്റാക്രമണം നടത്തി.