കേരളത്തിലെ യുവാക്കളിലും സ്‌കൂള്‍ വിദ്യാര്‍ഥികളിലും ലഹരി വ്യാപകമാകുന്നുവെന്ന് വെളിപ്പെടുത്തലുമായി എക്‌സൈസ് മന്ത്രി എം. വി. ഗോവിന്ദന്‍. മന്ത്രിയുമായി ഒരു വാര്‍ത്താ മാധ്യമം നടത്തിയ അഭിമുഖത്തിലാണ് കേരളത്തില്‍ ലഹരി അതിശക്തമായി പിടിമുറുക്കി കഴിഞ്ഞു എന്ന് വ്യക്തമാക്കിയത്. മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ…
കേരളം ലഹരിമരുന്നുകളുടെ മികച്ച മാര്‍ക്കറ്റായി മാറിയിരിക്കുന്നു. യുവാക്കളിലും സ്‌കൂള്‍ വിദ്യാര്‍ഥികളിലും ലഹരി വ്യാപകമായി. പുതിയ തലമുറയെ ലഹരിയുടെ അപകടത്തില്‍ നിന്ന് രക്ഷിക്കാനും കേരളത്തിലെ ലഹരിയുടെ വലകള്‍ മുറിക്കാനും എക്‌സൈസ് ശ്രമം നടത്തുന്നുണ്ട്. വലിയ രീതിയില്‍ ലഹരിമരുന്ന് കടത്തല്‍ പിടിക്കപ്പെടുന്നുണ്ടെങ്കിലും ലഹരി വസ്തുക്കളുടെ വ്യാപനത്തില്‍ കുറവ് വരുന്നില്ല.
കേരളത്തിലെ തീരപ്രദേശങ്ങളും ലഹരിക്കെണിയുടെ ഭാഗമായി മാറുന്നുവെന്നാണ് മനസിലാക്കുന്നത്. വിലയേറിയ പല മയക്കുമരുന്നുകളും അറബിക്കടല്‍ തീരത്തുകൂടി കേരളത്തിലെത്തുന്നു. പത്തു വയസു മുതലുള്ള കുട്ടികളും സ്ത്രീകളും ലഹരി ഉപയോഗത്തിലേയ്ക്ക് കടക്കുന്നതായി കണ്ടെത്തലുകളുണ്ട്. ഒരു തലമുറ തന്നെ ലഹരിയ്ക്ക് അടിപ്പെടുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്.
മികച്ച ബോധവത്കരണത്തിലൂടെ മാത്രമേ ഈ മാഫിയയെ കൃത്യമായി പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളു. ഡിഅഡിക്ഷന്‍ സെന്ററുകള്‍ ഇപ്പോള്‍ കേരളത്തില്‍ എല്ലാ ജില്ലകളിലുമുണ്ട്. അതില്‍ തന്നെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം സെന്ററുകളുമുണ്ട്. ലഹരിയ്‌ക്കെതിരെയുള്ള ബോധവത്കരണത്തിനായി ഉന്നതവിദ്യാഭ്യാസ വകുപ്പും, വിദ്യാഭ്യാസ വകുപ്പും, യുവജന സംഘടനകളും, എക്‌സൈസും ചേര്‍ന്ന് പ്രവര്‍ത്തിക്കും. മാതാപിതാക്കളും പൗരസമൂഹവും ഈ വിപത്തിനെതിരെ ജാഗ്രത പാലിക്കുകയും വേണം.