Monday, November 25, 2024

യുക്രെയ്ന്‍ ആണവ നിലയത്തിലേക്ക് അന്താരാഷ്ട്ര പ്രവേശനം ആവശ്യപ്പെട്ട് യുഎന്‍ മേധാവി

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിന് നേരെയുണ്ടായ ഷെല്ലാക്രമണത്തെച്ചൊല്ലി യുക്രെയ്‌നും റഷ്യയും പരസ്പരം ആരോപണമുന്നയിച്ചതിനെത്തുടര്‍ന്ന് സപ്പോരിജിയ ആണവനിലയത്തിലേക്ക് അന്താരാഷ്ട്ര ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പ്രവേശനം നല്‍കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തിങ്കളാഴ്ച ആവശ്യപ്പെട്ടു.

ഒരു ആണവ നിലയത്തിന് നേരെയുള്ള ഏതൊരു ആക്രമണവും ആത്മഹത്യാപരമാണെന്ന് ലോകത്തിലെ ആദ്യത്തെ അണുബോംബിംഗിന്റെ 77-ാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കായി ശനിയാഴ്ച ഹിരോഷിമ സമാധാന അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത ശേഷം ജപ്പാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗുട്ടെറസ് പറഞ്ഞു.

ഷെല്ലാക്രമണത്തില്‍ മൂന്ന് റേഡിയേഷന്‍ സെന്‍സറുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും പ്ലാന്റിലെ ഒരു തൊഴിലാളിക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രെയ്ന്‍ ആരോപിച്ചു.

റഷ്യ ആണവ ഭീകരത സൃഷ്ടിക്കുകയാണെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി ഞായറാഴ്ച ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ) പ്ലാന്റിലേക്ക് പ്രവേശനം ആവശ്യമാണെന്ന് ഗുട്ടെറസ് പറഞ്ഞു. നിലയം സ്ഥിരപ്പെടുത്തുന്നതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഐഎഇഎയുടെ എല്ലാ ശ്രമങ്ങളിലും ഞങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മോസ്‌കോയുടെ അധിനിവേശത്തിന് തൊട്ടുപിന്നാലെ, മാര്‍ച്ച് ആദ്യം തെക്കുകിഴക്കന്‍ യുക്രെയ്‌നിലെ സപോരിജിയ ന്യൂക്ലിയര്‍ റിയാക്ടര്‍ സമുച്ചയം റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. പക്ഷേ യുക്രേനിയന്‍ സാങ്കേതിക വിദഗ്ധരാണ് ഇപ്പോഴും അവിടെ ജോലി ചെയ്യുന്നത്.

 

 

 

Latest News