മൂന്നു ദിവസം നീണ്ട ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തിനു താത്കാലിക വിരാമമായി. ഇസ്രയേല്‍ പിടികൂടിയ ഇസ്ലാമിക് ജിഹാദി സംഘത്തിലെ രണ്ടു മുതിര്‍ന്ന നേതാക്കളെ വിട്ടയയ്ക്കാമെന്ന ഈജിപ്തിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്കു ശേഷമാണു താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഗാസയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇസ്രേലി സൈന്യം വ്യോമാക്രമണം നടത്തിയിരുന്നു. ഇറാന്റെ പിന്തുണയുള്ള പലസ്തീന് ഇസ്ലാമിക് ജിഹാദി ഗ്രൂപ്പ് ഇസ്രയേല്‍ പ്രദേശത്ത് റോക്കറ്റ് ആക്രമണവും നടത്തി. ഇസ്രയേല്‍ ആക്രമണത്തില്‍ 15 കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പെടെ 44 പലസ്തീനികള്‍ കൊല്ലപ്പെട്ടു.
311 പേര്‍ക്കു പരിക്കേറ്റതായും പലസ്തീന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ട 12 പേര് തങ്ങളുടെ പ്രവര്‍ത്തകരാണെന്ന് ഇസ്ലാമിക് ജിഹാദികള്‍ പറഞ്ഞു. ജിഹാദികളുടെതന്നെ റോക്കറ്റ് ലക്ഷ്യം തെറ്റി പൊട്ടിത്തെറിച്ചാണ് ആളുകള്‍ മരിച്ചതെന്ന് ഇസ്രയേല്‍ ആരോപിച്ചു.
ഗാസ അതിര്‍ത്തി തിങ്കളാഴ്ച ഭാഗികമായി തുറന്നു. ഇന്ധന ട്രക്കുകളും അവശ്യസാധാന ചരക്കുവാഹനങ്ങളും അതിര്‍ത്തി കടന്നു. സംഘര്‍ഷം ആരംഭിച്ച വെള്ളിയാഴ്ച മുതല്‍ ഗാസ അതിര്‍ത്തി അടച്ചിരുന്നു. ശനിയാഴ്ച പ്രവര്‍ത്തനം നിര്‍ത്തിവച്ച ഗാസയിലെ വൈദ്യുതിനിലയം തിങ്കളാഴ്ച വൈകുന്നേരത്തോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. യാത്രയ്ക്ക് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്നലെ നീക്കി.