സ്‌പെക്ട്രം ലേലം പ്രതീക്ഷിച്ചതിലും വിജയകരമായതോടെ, 5ജി വിപ്ലവത്തിന് തയ്യാറെടുത്ത് രാജ്യം. ഒക്ടോബര്‍ മാസം മുതല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗലൂരു, പൂനെ തുടങ്ങിയ നഗരങ്ങളില്‍ 5ജി സേവനം ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
4ജിയേക്കാള്‍ 20 മടങ്ങ് വേഗതയാണ് 5ജിക്ക് പ്രതീക്ഷിക്കപ്പെടുന്നത്. അതായത് പരമാവധി 20 ജിബിപിഎസ് വേഗത 5ജിയില്‍ ഉണ്ടാകും. 4ജിയുടെ പരമാവധി വേഗത ഒരു ജിബിപിഎസ് ആണ്. കണക്ടിവിറ്റിയില്‍ കാലതാമസം കുറവാണ് എന്നതും 5ജിയുടെ മറ്റൊരു പ്രധാന സവിശേഷതയാണ്.
ബിസിനസ്സ് ആപ്പുകളുടെയും ഓണ്‍ലൈന്‍ ഗെയിമിംഗിന്റെയും വീഡിയോ കോണ്‍ഫറന്‍സിംഗിന്റെയും സ്വയം നിയന്ത്രിത വാഹനങ്ങളുടെയും പ്രവര്‍ത്തനക്ഷമത മറ്റൊരു നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ 5ജിക്ക് സാധിക്കും.
വിതരണം ലളിതമാണ് എന്നത് 5ജിയുടെ ഏറ്റവും വലിയ ആകര്‍ഷക ഘടകങ്ങളില്‍ ഒന്നാണ്. ടവറുകള്‍ക്ക് പുറമെ കെട്ടിടങ്ങള്‍, തെരുവ് വിളക്കുകള്‍, പോസ്റ്റുകള്‍ എന്നിവയില്‍ ഘടിപ്പിക്കാവുന്ന ചെറിയ ആന്റിനകള്‍ വഴി വലിയ തോതില്‍ ഡേറ്റ കൂടുതല്‍ ഇടങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും.
അതേസമയം, ആദ്യ കാലങ്ങളില്‍ 5ജി സേവനം അല്‍പ്പം ചിലവേറിയതായേക്കും. സ്‌പെക്ട്രം ലേലത്തില്‍ ഉള്‍പ്പെടെ വലിയ തുകകള്‍ ചിലവഴിച്ച ടെലികോം കമ്പനികള്‍, മുടക്ക് മുതല്‍ തിരികെ പിടിക്കാനാകും ആദ്യ ഘട്ടത്തില്‍ ശ്രമിക്കുക. ഇത് 4ജി സേവനങ്ങളുടേയും നിരക്ക് വര്‍ദ്ധനക്ക് കാരണമാകും.