ക്രിമിയയിലെ റഷ്യന്‍ വ്യോമതാവളത്തിനുനേരേ യുക്രെയ്ന്‍ നടത്തിയ മിസൈലാക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ അഞ്ചുപേര്‍ക്കു പരിക്കേറ്റു. യുക്രെയ്ന്റെ ദീര്‍ഘദൂര മിസൈലുകള്‍ വ്യോമതാവളത്തില്‍ പതിച്ചതാണെന്ന് യുക്രെയ്ന്‍ അനുകൂല സമൂഹമാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും യുക്രെയ്ന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
വ്യോമതാവളത്തിലെ ആയുധസംഭരണത്തിനു തീപിടിച്ചതാണെന്ന് റഷ്യ അവകാശപ്പെടുന്നു. പ്രധാനകെട്ടിടം സുരക്ഷിതമാണെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ആകാശംമുട്ടെ പുകയും സ്‌ഫോടനശബ്ദവും ഉയരുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സമീപത്തെ ബീച്ചിലുണ്ടായിരുന്നവര്‍ ഓടിരക്ഷപെടുന്നതും ദൃശ്യങ്ങളില്‍ കാണാം.
ക്രിമിയന്‍ മേഖലയിലെ റഷ്യയുടെ സൈനികകേന്ദ്രത്തിനുനേരെ യുക്രെയ്ന്‍ നടത്തിയ ആദ്യത്തെ ശക്തമായ ആക്രമണമാണിതെന്ന് സൂചനകളുണ്ട്. 2014 ലാണ് ക്രിമിയയെ റഷ്യ ഒപ്പംചേര്‍ക്കുന്നത്. ക്രിമിയന്‍ തുറമുഖമായ സെവാസ്‌തോപോളിലുള്ള റഷ്യയുടെ കരിങ്കടല്‍ നാവികവ്യൂഹത്തിന്റെ ആസ്ഥാനം കഴിഞ്ഞമാസം യുക്രെയ്‌നിലെ സംഘം ആക്രമിച്ചിരുന്നു.
വ്യോമതാവളത്തിലേക്ക് ആംബുലന്‍സുകളും മെഡിക്കല്‍ ഹെലികോപ്റ്ററുകളും അയച്ചതായി ക്രിമിയന്‍ തലവന്‍ സെര്‍ജി അക്‌സിയാനോവ് അറിയിച്ചു. പ്രദേശം സീല്‍ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ക്രിമിയയെ ലക്ഷ്യമിട്ടുള്ള ഏതൊരു നീക്കത്തിനും കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യ നേരത്തെ യുക്രെയ്‌നു മുന്നറിയിപ്പ് നല്‍കിയിരുന്നു.