സമൂഹമാധ്യമങ്ങളിലെ പൊയ്മുഖങ്ങളെ മനസിലാക്കണമെന്ന് വ്യക്തമാക്കി കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ ബോധവല്‍ക്കരണ പോസ്റ്റ്. ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും അപരിചിതരില്‍ നിന്ന് വരുന്ന സൗഹൃദ ക്ഷണം നിരസിക്കണമെന്നും പൊലീസ് അറിയിച്ചു. അപരിചിതരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമേ അവരോട് അടുത്തിടപഴകാവൂ. കൃത്രിമ പ്രൊഫൈലുകളില്‍ നിന്നും ഇത്തരത്തില്‍ പലര്‍ക്കും സൗഹൃദ ക്ഷണം പോകുന്നുണ്ടെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത നമുക്കോരോരുത്തര്‍ക്കും ഉണ്ടാകണം. അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളില്‍ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കരുത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് അവരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമാകണം. ഓര്‍ക്കുക പൊയ്മുഖങ്ങളുമായി നിങ്ങളെ സമീപിക്കുന്നവര്‍ ഒരിക്കലും ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ല. പോസ്റ്റില്‍ വ്യക്തമാക്കുന്നു.