Monday, November 25, 2024

ന്യൂ മെക്‌സിക്കോയിലെ ഇസ്ലാമിക സമൂഹത്തെ നടുക്കിയ കൊലപാതക പരമ്പര; അഫ്ഗാന്‍ മുസ്ലീം അറസ്റ്റില്‍

ന്യൂ മെക്സിക്കോയിലെ ഏറ്റവും വലിയ നഗരമായ അല്‍ബുക്കര്‍ക്കില്‍ കോളിളക്കം സൃഷ്ടിച്ച, നാല് മുസ്ലിം പുരുഷന്മാരുടെ കൊലപാതക പരമ്പര നടത്തിയ പ്രധാന പ്രതിയും അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാരനുമായ മുഹമ്മദ് സെയ്ദിനെ (51) അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

കൊലപാതകങ്ങള്‍ വ്യക്തിപരമായ പകയില്‍ വേരൂന്നിയതാകാമെന്നും ഒരുപക്ഷേ അന്തര്‍-മുസ്ലിം വിഭാഗീയത മൂലമാകാം എന്നും അധികാരികള്‍ പറഞ്ഞു. കൊല്ലപ്പെട്ട നാല് പേരും അഫ്ഗാന്‍ അല്ലെങ്കില്‍ പാകിസ്ഥാന്‍ വംശജരാണ്. ഒരാള്‍ നവംബറിലും മറ്റ് മൂന്ന് പേര്‍ കഴിഞ്ഞ രണ്ടാഴ്ചയിലുമാണ് കൊല്ലപ്പെട്ടത്.

മുഹമ്മദ് സെയ്ദിന്റെ ആല്‍ബുകെര്‍ക്കിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് ഇരകളെ ഒരു പരിധിവരെ അറിയാമായിരുന്നുവെന്നും വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷം വെടിവയ്പ്പിലേക്ക് നയിച്ചു എന്നും വ്യക്തമാക്കുന്ന തെളിവുകള്‍ കണ്ടെത്തിയതായി അറസ്റ്റ് പ്രഖ്യാപിച്ച് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. നാല് പേരുടെ കൊലപാതകത്തിന്റെ ഉദ്ദേശ്യങ്ങള്‍ ഏകീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും വിഭാഗീയ വിദ്വേഷമല്ലാതെ മറ്റെന്തെങ്കിലും കാരണം കൊലപാതകത്തിന് പിന്നിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്ന് അല്‍ബുക്കര്‍ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഡെപ്യൂട്ടി കമാന്‍ഡര്‍ കൈല്‍ ഹാര്‍ട്ട്സോക്ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ മൂന്നോ നാലോ വര്‍ഷമായി ഗാര്‍ഹിക പീഡനക്കേസ് ഉള്‍പ്പെടെ അമേരിക്കയിലെ ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ റെക്കോര്‍ഡ് സെയിദിനുണ്ടെന്നും പോലീസ് പറഞ്ഞു.

ജൂലൈ 26-നും ഓഗസ്റ്റ് 1-നും കൊല്ലപ്പെട്ട അഫ്താബ് ഹുസൈന്‍ (41), മുഹമ്മദ് അഫ്സല്‍ ഹുസൈന്‍ (27) എന്നിവരുടെ കൊലപാതകങ്ങളാണ് സെയ്ദിനെതിരെ ഔദ്യോഗികമായി ചുമത്തിയതെന്ന് അല്‍ബുക്കര്‍ക് പോലീസ് മേധാവി ഹരോള്‍ഡ് മദീന ബ്രീഫിംഗില്‍ പറഞ്ഞു. ഇരുവരും പാകിസ്ഥാന്‍ വംശജരാണ്. ജൂലൈ 8 ന് യുഎസ് പൗരത്വം സ്വീകരിച്ച ട്രക്ക് ഡ്രൈവര്‍ നയീം ഹുസൈന്‍ (25) കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ടത്.

ഇരകളായ ഈ മൂന്ന് പേരും അല്‍ബുക്കര്‍ക്കിലെ ഏറ്റവും വലിയ പള്ളിയായ ന്യൂ മെക്‌സിക്കോയിലെ ഇസ്ലാമിക് സെന്ററിലെ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. തെക്കുകിഴക്കന്‍ ആല്‍ബുകെര്‍ക്കിലെ സെന്‍ട്രല്‍ അവന്യൂവിന് സമീപമാണ് ഇവരെല്ലാം വെടിയേറ്റത്.

രണ്ട് കൊലപാതക ദൃശ്യങ്ങളില്‍ നിന്ന് ബുള്ളറ്റ് കേസിംഗുകള്‍ കണ്ടെത്തുകയും വെടിവയ്പ്പിന് ഉപയോഗിച്ച തോക്ക് പിന്നീട് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

അല്‍ബുക്കര്‍ക്കിയിലെ മുസ്ലീം സമൂഹത്തെ ഈ കൊലപാതക പരമ്പര ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മുസ്ലിം കുടുംബങ്ങള്‍ പലതും അവരുടെ വീടുകളില്‍ തന്നെ ഒളിവില്‍ പോയി. ന്യൂ മെക്‌സിക്കോ യൂണിവേഴ്‌സിറ്റിയിലെ ചില പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ ഭയം കാരണം നഗരം വിട്ടു.

 

Latest News