Monday, November 25, 2024

ക്യൂബയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തം നിയന്ത്രണവിധേയമായതായി അധികൃതര്‍

ക്യൂബയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടുത്തത്തെയാണ് ചൊവ്വാഴ്ച അഗ്‌നിശമന സേനാംഗങ്ങള്‍ മറികടന്നത്. കരീബിയന്‍ ദ്വീപിലെ പ്രധാന ഇന്ധന സംഭരണ കേന്ദ്രത്തിന്റെ നാല്‍പത് ശതമാനമാണ് തീപിടുത്തത്തില്‍ നശിച്ചത്. മറ്റാന്‍സാസ് സൂപ്പര്‍ ടാങ്കര്‍ തുറമുഖത്തിന്റെ നാല്-ടാങ്ക് സെഗ്മെന്റിനെയും തീജ്വാലകള്‍ നശിപ്പിച്ചു. അഗ്നിശമന സേനാഗംങ്ങളുടെ കഠിന പ്രയത്‌നത്തെ തുടര്‍ന്ന് പ്രദേശത്താകെ നിറഞ്ഞിരുന്ന കറുത്ത പുകയും അടങ്ങിയിട്ടുണ്ട്.

ക്രൂഡ് ഓയിലും ഇന്ധന ഇറക്കുമതിയും സ്വീകരിക്കുന്നതിനുള്ള ക്യൂബയിലെ ഏറ്റവും വലിയ തുറമുഖമാണ് മറ്റാന്‍സാസ്. ക്യൂബന്‍ ഹെവി ക്രൂഡും 10 കൂറ്റന്‍ ടാങ്കുകളില്‍ മതാന്‍സാസില്‍ സൂക്ഷിച്ചിരിക്കുന്ന ഇന്ധന എണ്ണയും ഡീസലുമാണ് ദ്വീപില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത്.

വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവിടുത്തെ ഒരു ഇന്ധന സംഭരണ ടാങ്കില്‍ ഇടിമിന്നലേറ്റ് തീ പിടിച്ചത്. നൂറിലധികം മെക്‌സിക്കന്‍, വെനസ്വേലന്‍ സേനകളുടെ പിന്തുണയോടെ പ്രാദേശിക അഗ്‌നിശമന സേനാംഗങ്ങളുടെ ശ്രമങ്ങള്‍ക്കിടയിലും വലിയ സ്‌ഫോടനങ്ങളോടെ തീ നാല് ടാങ്ക് പ്രദേശത്തെ വിഴുങ്ങുകയായിരുന്നു.

ശനിയാഴ്ച രണ്ടാമത്തെ ടാങ്ക് പൊട്ടിത്തെറിച്ചപ്പോള്‍ ഒരു അഗ്‌നിശമന സേനാംഗം മരിക്കുകയും 14 പേരെ കാണാതാവുകയും ചെയ്തു. അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്.

ആഘാത മേഖലയിലേക്ക് തിങ്കളാഴ്ചയും ആളുകള്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. കാരണം അവിടെ അപ്പോഴും കടുത്ത ചൂടും ജ്വലനവും നിലനില്‍ക്കുന്നുണ്ടായിരുന്നു. ചൊവ്വാഴ്ചയോടെയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്.

നാല് ടാങ്കുകളും കത്തിനശിച്ച തീപിടുത്തത്തില്‍ എത്ര ഇന്ധനം നഷ്ടപ്പെട്ടുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എങ്കിലും തീപിടുത്തം രാജ്യത്തെ വൈദ്യുതി ലഭ്യതയെ കാര്യമായി ബാധിക്കും എന്നത് ഉറപ്പാണ്.

 

 

Latest News