ഇതിഹാസ ടെന്നീസ് താരം സെറീന വില്യംസ് വിരമിക്കുന്നു. വോഗ് മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് താരം വിരമിക്കല്‍ സൂചന നല്‍കിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന യുഎസ് ഓപ്പണിന് ശേഷം സെറീന കളിക്കളം വിടുമെന്നാണ് റിപ്പോര്‍ട്ട്.
‘റിട്ടയര്‍മെന്റ് എന്ന വാക്ക് ഒരിക്കലും ഞാന്‍ ഇഷ്ടപ്പെട്ടിട്ടില്ല. അതൊരു പുതിയ വാക്കാണെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. റിട്ടയര്‍മെന്റ് എന്നാല്‍ ഒരു ട്രാന്‍സിഷന്‍ കാലമാണ്. ആ വാക്ക് ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധച്ചെലുത്തണമെന്ന് എനിക്കറിയാം. അതുകൊണ്ട് ‘എവലൂഷന്‍’ എന്ന വാക്ക് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നു. ടെന്നീസില്‍ നിന്ന് ഞാന്‍ പരിണമിക്കാന്‍ പോകുകയാണ്. വളരെയധികം പ്രധാനപ്പെട്ട മറ്റ് കാര്യങ്ങളിലേക്ക് പോകണം.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കമ്പനി ഞാന്‍ തുടങ്ങിയിരുന്നു. സെറീന വെഞ്ചേഴ്സ്.. അതുകഴിഞ്ഞപ്പോള്‍ ഞാന്‍ കുടുംബജീവിതം ആരംഭിച്ചു. ആ കുടുംബത്തെ എനിക്ക് വളര്‍ത്തണം. ടെന്നീസില്‍ നിന്ന് വിടപറയുക എന്നത് ഏറ്റവും പ്രയാസമേറിയ കാര്യമാണ്. ടെന്നീസ് അവസാനിപ്പിക്കാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല. അതേസമയം ഇനി വരാനിരിക്കുന്ന മറ്റ് കാര്യങ്ങള്‍ക്ക് ഞാന്‍ തയ്യാറാണെന്നതാണ് സത്യം’. വോഗിന് നല്‍കിയ അഭിമുഖത്തില്‍ സെറീന പറഞ്ഞു.
23 ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള താരമാണ് 40-കാരിയായ സെറീന. ഇതുകൂടാതെ 14 ഡബിള്‍സിലും രണ്ട് മിക്സഡ് ഡബിള്‍സിലും താരത്തിന് ഗ്രാന്‍സ്ലാം ലഭിച്ചിട്ടുണ്ട്. കരിയറില്‍ 73 സിംഗിള്‍സുകളിലും 23 ഡബിള്‍സുകളിലും നേട്ടം സ്വന്തമാക്കിയിട്ടുള്ള സെറീന ഒളിമ്പിക്സിലും മെഡല്‍ നേടിയിട്ടുണ്ട്.