കണ്ണൂരില്‍ സഹപാഠി കഞ്ചാവ് നല്‍കി ശാരീരികമായി പീഡിപ്പിച്ചതായി ഒമ്പതാംക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലിനെ തുടര്‍ന്ന് സഹപാഠിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റി. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. നിരവധി കുട്ടികള്‍ ഇത്തരത്തില്‍ കെണിയിലായിട്ടുണ്ടെന്നാണ് ഒമ്പതാംക്ലാസുകാരിയുടെ വെളിപ്പെടുത്തല്‍.
തന്നെപ്പോലെ കെണിയില്‍ പെട്ടുപോയ 11 പെണ്‍കുട്ടികളെ തനിക്കറിയാമെന്നും അവരില്‍ പലരും പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തി. മറ്റാര്‍ക്കും ഈ ദുരവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഇത് വെളിപ്പെടുത്തുന്നതെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. വലിയ ലഹരി മാഫിയ കേരളത്തില്‍ സജീവമാണെന്നും മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
എം.ഡി.എം, സ്റ്റാമ്പ് പോലുള്ള ലഹരി വസ്തുക്കളാണ് നല്‍കാറുള്ളതെന്നും ആദ്യം സൗജന്യമായി നല്‍കി ശീലിപ്പിച്ച് അടിമപ്പെട്ട് കഴിയുമ്പോള്‍ പണത്തിനായി ശരീരം വില്‍ക്കാന്‍ നിര്‍ബന്ധിക്കുമെന്നും വഴങ്ങാതെ വന്നാല്‍ അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുമെന്നും പെണ്‍കുട്ടി പറഞ്ഞു. പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. ലഹരിക്ക് അടിപ്പെട്ടതോടെ ആത്മഹത്യാ പ്രവണത ഉണ്ടായെന്നും മാതാപിതാക്കളുടെ കരുതലിലാണ് രക്ഷപെട്ടതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി. ലഹരി വിമുക്തി കേന്ദ്രത്തിലെത്തിച്ച ശേഷം നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് പെണ്‍കുട്ടി പീഡന വിവരം ഉള്‍പ്പടെ പുറത്തുപറയുന്നത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലഹരി വസ്തുക്കളുടെ ക്യാരിയറാക്കി മാറ്റുന്ന പ്രവണത വര്‍ധിക്കുകയാണെന്നും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ജാഗ്രത പുലര്‍ത്തണമെന്നും കണ്ണൂര്‍ എസിപി ടി.കെ. രത്‌നകുമാര്‍ പറഞ്ഞു.