Monday, November 25, 2024

തീരദേശ ജനതയുടെ അവകാശങ്ങള്‍ക്കായി സെക്രട്ടറിയേറ്റ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികള്‍

തീരദേശ ജനതയുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നു. വള്ളങ്ങളും ബോട്ടുകളും ഉള്‍പ്പെടെ സമരമുഖത്തുണ്ട്. പോലീസ്, സമരം തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി. വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തെ തുടര്‍ന്നുള്ള തീരശോഷണത്തിനെതിരെയാണ് മത്സ്യത്തൊഴിലാളികള്‍ സെക്രട്ടറിയേറ്റ് വളഞ്ഞത്.

സെക്രട്ടറിയേറ്റ് മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് ജില്ലയിലെ വിവിധയിടങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തു. സമരത്തിന് ബോട്ടുകളുമായെത്തിയ വാഹനങ്ങള്‍ പോലീസ് തടയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പലയിടത്തും പോലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളമുണ്ടായി. സെക്രട്ടറിയേറ്റിലേക്ക് ബോട്ടുകള്‍ കൊണ്ടുപോയ വാഹനങ്ങള്‍ കടത്തിവിടാന്‍ അനുവദിക്കുകയില്ലെന്നായിരുന്നു പോലീസ് നിലപാട്.

വാഹനങ്ങള്‍ കയറ്റിവിടാത്തതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതോടെ ഗതാഗതം സ്തംഭിച്ചു. നിരവധി വൈദികരും സമരത്തിന്റെ ഭാഗമായിട്ടുണ്ട്. സമാധാനപരമായ സമരമാണെന്നും തടഞ്ഞാല്‍ സര്‍ക്കാര്‍ ഉത്തരം പറയേണ്ടിവരുമെന്നും സമരനേതാക്കള്‍ പറഞ്ഞു.

കടലാക്രമണത്തെ തുടര്‍ന്ന് തീരദേശ ജനതയുടെ നിരവധി വീടുകളാണ് നഷ്ടപെട്ടത്. ഇവര്‍ക്ക് പുനരധിവാസം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പൊഴിയൂര്‍ മുതല്‍ വര്‍ക്കല വരെയുള്ള തീരദേശവാസികള്‍ പട്ടിണിയിലാണെന്ന് ലത്തീന്‍ അതിരൂപതാ ഭാരവാഹികള്‍ വ്യക്തമാക്കുന്നു.

 

Latest News