കുഞ്ചാക്കോ ബോബന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ വിവാദത്തിലായിരിക്കുകയാണ്. ഓഗസ്റ്റ് 11ന് റിലീസ് ആയ ചിത്രത്തിന്റെ പരസ്യത്തിനായി സമൂഹമാധ്യമങ്ങളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ച പോസ്റ്ററാണ് വിവാദത്തിലായത്.
”തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ” എന്ന പരസ്യ വാചകമാണ് വിവാദത്തിന് വഴിയൊരുക്കിയത്. വേറിട്ട ശൈലിയില്‍ കൊണ്ടുവന്ന ചിത്രത്തിന്റെ ട്രെയിലറുകളും, ടീസറുകളും, ഗാനങ്ങളും സമൂഹമാധ്യമങ്ങളില്‍ വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ട്രെയിലറിലും പ്രധാന വിഷയമായി കണ്ടത് റോഡിലെ കുഴികളായിരുന്നു.
കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെ പറ്റി വളരെയധികം വാദങ്ങളും പ്രതിവാദങ്ങളും നടക്കുന്ന ഈ സമയത്താണ് ഇതുപോലെ ഒരു പരസ്യവാചകം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്. റോഡിലെ കുഴികളില്‍ പെട്ട് ജീവന് നഷ്ടപ്പെട്ടതും, അശാസ്ത്രീയമായ റോഡ് പണിയുടെ പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ മാധ്യമങ്ങളിലും ജനങ്ങള്‍ക്കിടയിലും വളരെയധികം ചര്‍ച്ചയാണ്.
സിപിഎമ്മിന്റെ സൈബര്‍ പേജുകളിലും അനുഭാവികളുടെ സമൂഹമാധ്യമങ്ങളിലെ പേജുകളിലുമാണ് ഇത്തരത്തിലൊരു സൈബര്‍ ആക്രമണം സിനിമയുടെ പോസ്റ്ററിനു എതിരെ ഉണ്ടായത്. സിനിമ കാണരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള പോസ്റ്റുകളാണ് ഇക്കൂട്ടര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതിനെതിരെ കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ സംവിധായകന് രതീഷ് ബാലകൃഷ്ണനും അവരുടെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
‘സിനിമ കാണില്ല എന്നത് അവരുടെ ഇഷ്ടം. സിനിമ കണ്ടവര്‍ക്ക് മനസ്സിലാവും എന്താണ് സിനിമയിലുള്ളതെന്ന്’ എന്നാണ് കുഞ്ചാക്കോ ബോബന് മാധ്യമങ്ങളോട് പ്രതികരിച്ചത്. വഴിയില്‍ കുഴിയുണ്ട് ശ്രദ്ധിക്കണമെന്ന് പറയുമ്പോള്‍ അത് ആര്‍ക്കെങ്കിലും കൊള്ളുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്നമാണ്, സിനിമ ഉണ്ടാക്കുന്ന ആളുടെയോ കലാകാരന്റെയോ അഭിനേതാക്കളുടെയോ പ്രശ്നമല്ല എന്നാണ് ചിത്രത്തിന്റെ സംവിധായകന് രതീഷ് ബാലകൃഷ്ണന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
എന്നാല്‍ ഇതിനോടകം ചിത്രം കണ്ടവര്‍ വളരെ മികച്ച അഭിപ്രായങ്ങള്‍ ആണ് പങ്കുവെക്കുന്നത്.