Monday, April 21, 2025

ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത് അടുപ്പിക്കാന്‍ ശ്രമിച്ച് ചൈന; എതിര്‍പ്പ് തുടര്‍ന്ന് ഇന്ത്യ

ശ്രീലങ്കന്‍ തുറമുഖത്ത് ചാരക്കപ്പല്‍ അടുപ്പിക്കാന്‍ ശ്രമിച്ച് ചൈന. ഇതുവരെ ലങ്കന്‍ സര്‍ക്കാര്‍ കപ്പല്‍ അടുപ്പിക്കാന്‍ ചൈനയ്ക്ക് അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ നയന്തന്ത്ര സമ്മര്‍ദം ശക്തമാക്കി അനുമതി നേടിയെടുക്കാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യയുടെ കടുത്ത എതിര്‍പ്പു തള്ളി ലങ്ക ചൈനീസ് കപ്പലിനെ സ്വാഗതം ചെയ്യുമോ എന്നാണ് ഇനി അറിയേണ്ടത്.

ചൈനയുടെ ചാരക്കപ്പലായ യുവാന്‍ വാങ്5 ആണ് അനുമതിയ്ക്കായി കാത്തിരിക്കുന്നത്. ഇന്ധനം നിറയ്ക്കാനെന്ന പേരില്‍ ബുധനാഴ്ച കപ്പല്‍ ലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്ത് അടുപ്പിക്കാന്‍ ആയിരുന്നു ചൈനയുടെ പദ്ധതി. ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്‌നലുകള്‍ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ എത്തുന്നത് ഇന്ധനം നിറയ്ക്കാന്‍ മാത്രമല്ലെന്ന് ഇന്ത്യക്ക് മനസിലായി.

750 കിലോമീറ്റര്‍ പരിധിയിലെ സിഗ്‌നലുകള്‍ പിടിച്ചെടുക്കാന്‍ കപ്പലിന് സാധിക്കുമെന്നതിനാല്‍ ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ അടക്കം ലക്ഷ്യമാക്കിയാണ് ഈ വരവ്. അതുകൊണ്ടുതന്നെ ഇന്ത്യ ലങ്കയ്ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി. ചാരക്കപ്പല്‍ അടുക്കാന്‍ അനുമതി നല്‍കരുത്. ഇന്ത്യയുടെ പ്രതിഷേധം മനസിലായ ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം കൊളംബോയിലെ ചൈനീസ് എംബസിക്കു കത്തു നല്‍കി.

കപ്പലിന്റെ വരവ് നീട്ടിവെയ്ക്കണം. ഹംബന്‍തോട്ട തുറമുഖം വികസിപ്പിച്ചത് ചൈനയാണ്. അവര്‍ക്കാണ് 99 വര്‍ഷത്തേക്കു തുറമുഖത്തിന്റെ പ്രവര്‍ത്തനാനുമതി. ചരക്കുകപ്പലുകള്‍ അടുപ്പിക്കാന്‍ ചൈനയ്ക്ക് ആരുടെയും അനുമതി വേണ്ട. എന്നാല്‍, സൈനിക കപ്പലുകള്‍ തുറമുഖത്ത് എത്തണമെങ്കില്‍ ലങ്കയുടെ അനുമതി വേണം. 1987ല്‍ ഇന്ത്യയുമായി ലങ്ക ഒപ്പിട്ട കരാറനുസരിച്ച് ഇന്ത്യയുടെ കൂടി സമ്മതമില്ലാതെ ലങ്കയിലെ ഒരു തുറമുഖത്തും വിദേശ സൈനികക്കപ്പലുകളെ പ്രവേശിപ്പിക്കാന്‍ ലങ്കന്‍ സര്‍ക്കാരിന് കഴിയില്ല.

പക്ഷെ ഇതുകൊണ്ടൊന്നും ചൈന പിന്മാറുന്നില്ല. 48 മണിക്കൂറായി ഹംബന്‍തോട്ട തുറമുഖം ലക്ഷ്യമാക്കി ചുറ്റിത്തിരിയുകയാണ് ചൈനീസ് ചാരക്കപ്പല്‍. കപ്പല്‍ അടുപ്പിക്കാന്‍ ലങ്കയ്ക്കു മേല്‍ സകല സമ്മര്‍ദ്ദവും പയറ്റുന്നുണ്ട് ചൈന. ധര്‍മ്മസങ്കടത്തിലായ ലങ്കന്‍ സര്‍ക്കാര്‍ പ്രശ്‌ന പരിഹാരത്തിനായി ചൈനയുമായി ചര്‍ച്ചകള്‍ തുടരുകയാണ്.

 

Latest News