Tuesday, November 26, 2024

സ്വാതന്ത്ര്യദിനം; പത്തു രൂപയ്ക്ക് കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി കൊച്ചി മെട്രോ. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആകര്‍ഷകമായ ടിക്കറ്റ് നിരക്കാണ് മെട്രോ ഒരുക്കിയിരിക്കുന്നത്. ഇന്ന് ഏതു സ്റ്റേഷനിലേക്കും യാത്ര ചെയ്യുന്നതിനായി പത്തു രൂപ നല്‍കിയാല്‍ മതിയാകും. ആസാദി കാ അമൃത് മഹോത്സവിന്റെ കീഴില്‍ ഫ്രീഡം ടു ട്രാവല്‍ പദ്ധതിയ്ക്ക് കീഴിലാണ് ആകര്‍ഷകമായ ഓഫര്‍. രാവിലെ ആറു മുതല്‍ രാത്രി 11 വരെയാകും സ്വാതന്ത്ര്യദിന ഓഫര്‍.

മുട്ടം ഒസിസി ബില്‍ഡിംഗില്‍ രാവിലെ കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ദേശീയ പതാക ഉയര്‍ത്തും.വിവിധ സറ്റേഷനുകളിലായി വിരവധി പരിപാടികളാണ് മെട്രോ റെയില്‍ ലിമിറ്റഡ് ഒരുക്കിയിരിക്കുന്നത്.

ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ഗ്രീസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ദേശഭക്തി ഗാനങ്ങളും നൃത്തങ്ങളും രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടത്തും. ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ 5:30 മുതല്‍ പ്ലഗ് ആന്‍ഡ് പ്ലേ ഫൗണ്ടേഷന്റെ സംഗീത പരിപാടിയും വൈറ്റില മെട്രോ സ്റ്റേഷന്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് ‘ഫ്രീഡം നൈറ്റ്’ എന്ന പേരില്‍ വൈകിട്ട് 5 മുതല്‍ 7 വരെ സംഗീത പരിപാടിയും ഉണ്ടായിരിക്കും.

പ്ലാസ്റ്റിക്ക് ക്യാമ്പയിനിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് 10,000 മിലാഞ്ച് ബാഗുകള്‍ വിതരണം ചെയ്യുമെന്നും കൈഎംആര്‍എല്‍ വ്യക്തമാക്കി. രാജ്യത്തിനായി ജീവിതം സമര്‍പ്പിച്ച ധീരരായവരുടെ പരിശ്രമങ്ങളെയും ത്യാഗങ്ങളെയും ആദരിക്കുന്ന ദിനത്തില്‍ ആകര്‍ഷകമായ ഓഫറുകള്‍ വഴി സ്വതന്ത്ര്യദിനം ആഘോഷിക്കുന്നതില്‍ സന്തോഷമെന്ന് ബെഹ്‌റ പറഞ്ഞു.

 

Latest News