Monday, November 25, 2024

കെനിയന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ വില്യം റൂട്ടോക്ക് വിജയം

കെനിയയുടെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ നിലവിലെ ഡെപ്യുട്ടി പ്രസിഡന്റായ വില്യം റൂട്ടോക്ക് വിജയം. തന്റെ പ്രധാന എതിരാളിയായ റെയ്‌ല ഒഡിംഗയെ പരാജയപ്പെടുത്തിയാണ് വില്യം റൂട്ടോ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ കെനിയയുടെ അഞ്ചാമത്തെ പ്രസിഡന്റാകും വില്യം റൂട്ടോ.

ഇന്‍ഡിപെന്‍ഡന്റ് ഇലക്ടറല്‍ ആന്‍ഡ് ബൗണ്ടറീസ് കമ്മീഷനാണ്(ഐ.ഇ.ബി.സി) ഫലങ്ങള്‍ പ്രഖ്യാപിച്ചത്. 2022 ഓഗസ്റ്റ് ഒമ്പതിനാണ് കെനിയയില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റിന്റെ കൂടാതെ നാഷണല്‍ അസംബ്ലിയിലെയും സെനറ്റിലെയും അംഗങ്ങളെയും കൗണ്ടി ഗവര്‍ണര്‍മാരെയും 47 കൗണ്ടി അസംബ്ലികളിലെ അംഗങ്ങളെയും തെരഞ്ഞെടുത്തതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

പ്രസിഡന്റ്ഷ്യല്‍ തെരഞ്ഞെടുപ്പില്‍ റെയ്‌ല ഒഡിംഗയ്‌ക്കെതിരെ കടുത്ത മത്സരമായാണ് റൂട്ടോ കാഴ്ചവെച്ചത്. റുട്ടോയ്ക്ക് ഏഴ് ദശലക്ഷത്തിലധികം വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഒഡിംഗയ്ക്ക് ഏഴ് ദശലക്ഷത്തിനടുത്ത് വരെ വോട്ട് നേടാന്‍ കഴിഞ്ഞെന്നും ഐ.ഇ.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ പ്രതിപക്ഷ നേതാവാണ് റെയ്‌ല ഒഡിംഗ.

അതേസമയം, തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നേരിയ അക്രമസംഭവങ്ങള്‍ നടന്നതായി ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഫല പ്രഖ്യാപന വേദിയില്‍ ഉന്തും തള്ളും ഉണ്ടായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈസ് ചെയര്‍മാനും മറ്റ് മൂന്ന് കമ്മീഷണര്‍മാരും പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ ശാന്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News