ചൈനീസ് കപ്പല്‍ യുവാന്‍ വാങ് 5 ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിട്ടു. ചൊവ്വാഴ്ച രാവിലെയാണ് ചൈനീസ് കമ്പനിക്ക് നടത്തിപ്പ് അവകാശമുള്ള ഹംബന്തോട്ട തുറമുഖത്ത് കപ്പലെത്തിയത്. ലങ്കയിലെ ചൈനയുടെ അംബാസഡര്‍ കി സെന്‍ഹോങ് കപ്പലിനെ സ്വീകരിച്ചു.
ചൈനയുടെ ഗവേഷണക്കപ്പലിന് 16 മുതല്‍ 22 വരെ ഹംബന്തോട്ടയില് തങ്ങാനാണ് ചൈനീസ് വിദേശമന്ത്രാലയം അനുമതി നല്‍കിയത്. കപ്പലിന്റെ സന്ദര്‍ശനത്തില്‍ അസ്വാഭാവികത ഇല്ലെന്നും 2014ലും ഇതേപോലെ കപ്പല്‍ എത്തിയിരുന്നെന്നും ശ്രീലങ്കന്‍ വിദേശമന്ത്രി എംയുഎം അലി സാബ്രി പറഞ്ഞു. കപ്പലിന്റെ സന്ദര്‍ശനത്തില്‍ ഇന്ത്യ ശ്രീലങ്കയെ എതിര്‍പ്പ് അറിയിച്ചിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തുറമുഖം തന്ത്രപ്രധാനമാണ്. ഇന്ത്യന്‍ മഹാസമുദ്ര മേഖലയെ (കഛഞ) പരമ്പരാഗത സ്വാധീനമുള്ള മേഖലയായി കണക്കാക്കുകയും 2014-ല്‍ ഒരു ചൈനീസ് ആണവ അന്തര്‍വാഹിനിയെ അതിന്റെ തുറമുഖങ്ങളിലൊന്നില്‍ നങ്കൂരമിടാന്‍ അനുവദിച്ചതിന് ശേഷം ശ്രീലങ്കന്‍ സര്‍ക്കാരുമായി ഇന്ത്യ പ്രശ്നങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എട്ട് വര്‍ഷത്തിന് ശേഷം ഒരിക്കല്‍ കൂടി ഏതാണ്ട് സമാനമായ സാഹചര്യം തുറമുഖത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
കൂടംകുളം, കല്‍പ്പാക്കം ആണവ റിയാക്ടറുകളുടെയും ചെന്നൈ, തൂത്തുക്കുടി തുറമുഖങ്ങളുടെയും സുരക്ഷയ്ക്കും ചാരക്കപ്പല്‍ ഭീഷണിയാകുമെന്ന് ഇന്ത്യ കരുതുന്ന സാഹചര്യത്തില്‍, ചാരക്കപ്പല്‍ ലങ്കന്‍ തുറമുഖത്ത് നങ്കൂരമിട്ടത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
യുവാന്‍ വാങ് 5-നെ ചൈന ഗവേഷണ കപ്പലെന്നാണ് വിളിക്കുന്നതെങ്കിലും, യുവാന്‍ വാങ് സീരീസിന് കീഴില്‍ വരുന്ന ഈ കപ്പലുകളില്‍ മിസൈലുകളും റോക്കറ്റുകളും ട്രാക്കുചെയ്യാനും വിക്ഷേപിക്കാനും സഹായിക്കുന്ന മികച്ച ആന്റിനകളും ഇലക്ട്രോണിക് ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് പെന്റഗണ്‍ പറയുന്നു.