Monday, November 25, 2024

ക്രിമിയയിലെ ആയുധസംഭരണശാലയില്‍ വീണ്ടും സ്‌ഫോടനം; മൂവായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു

യുക്രെയ്‌നിലെ റഷ്യന്‍ ഭരണാനുകൂല മേഖലയായ ക്രിമിയയിലെ ആയുധസംഭരണശാലയില്‍ വന്‍ സ്‌ഫോടനം. വടക്കന്‍ ക്രിമിയയിലെ ജഹന്‍കോയിയില്‍ റഷ്യന്‍ സൈനിക ഹെലികോപ്റ്ററുകള്‍ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലാണ് പൊട്ടിത്തെറിയും തീപിടുത്തവും ഉണ്ടായത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്നു മൂവായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു.

അടുത്തിടെ ഇതു രണ്ടാംതവണയാണു ക്രിമിയയില്‍ ആക്രമണമുണ്ടാകുന്നത്. ഡിപ്പോയില്‍നിന്നു വന്‍തോതില്‍ തീയും പുകയും ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മെയ്‌സ്‌കോയിലെ ഡിപ്പോയിലുണ്ടായ ആക്രമണം റഷ്യ സ്ഥിരീകരിച്ചെങ്കിലും ആരെയും പേരെടുത്തു കുറ്റപ്പെടുത്തിയില്ല. സ്‌ഫോടനത്തില്‍ പവര്‍ പ്ലാന്റിനും ലൈനുകള്‍ക്കും റെയില്‍ ട്രാക്കിനും കെട്ടിടസമുച്ചയങ്ങള്‍ക്കും തകരാറുണ്ടായതായി റഷ്യ സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച ക്രിമിയയിലുണ്ടായ ആക്രമണത്തിനു പിന്നില്‍ യുക്രെയ്‌നാണെന്നും റഷ്യ ആരോപിച്ചു. 2014 മുതല്‍ ക്രിമിയ റഷ്യന്‍ നിയന്ത്രണത്തിലാണ്.

 

Latest News